കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തെങ്ങുകൃഷിയോട് അവഗണന: തോമസ് ഉണ്ണിയാടൻ
1376455
Thursday, December 7, 2023 2:09 AM IST
കനകപ്പള്ളി: തെങ്ങുകൃഷിയെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ അവലംബിക്കുന്നതെന്നും തെങ്ങും കേരളവും തമ്മിലുള്ള ആത്മബന്ധം പോലും എല്ലാവരും വിസ്മരിക്കുകയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
കേരള കോൺഗ്രസിന്റെയും കർഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 100 നിയമസഭാ മണ്ഡലങ്ങളിൽ നടത്തുന്ന കേര കർഷക സൗഹൃദ സംഗമങ്ങളുടെ കാഞ്ഞങ്ങാട് മണ്ഡലം തല പരിപാടി കനകപ്പള്ളിയിൽ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫിന്റെ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളികേര ഉത്പാദനത്തിൽ നേരത്തേ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഇനിയും അവഗണന തുടർന്നാൽ കൂടുതൽ കർഷകർ ഈ കൃഷിയിൽ നിന്നും പിറകിലോട്ട് പോകും. ഒരു കിലോ തേങ്ങയ്ക്ക് 42 രൂപയെങ്കിലും താങ്ങുവില ലഭ്യമാക്കണമെന്നും തേങ്ങ കൃത്യമായി സംഭരിക്കാനും കർഷകർക്ക് യഥാസമയം തന്നെ മുഴുവൻ വിലയും നൽകുവാനും സംവിധാനമുണ്ടാകണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എബ്രഹാം തെക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോയ് തെക്കേടം, സംസ്ഥാന വൈസ് പ്രസിഡന്റ് മൈക്കിൾ മാരിയടിയിൽ, വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോളി ഈഴപ്പറമ്പിൽ, ജോസ് ചിത്രകുഴിയിൽ, പി.എം. ജോസഫ്, ജോഷി എന്നിവർ പ്രസംഗിച്ചു.