കാന്‍വാസ് കളര്‍ഫുള്ളാക്കി അരുണിമയും ദേവനന്ദയും
1376450
Thursday, December 7, 2023 2:09 AM IST
ചിത്രരചനാമത്സരത്തില്‍ അരുണിമയുടെയും ദേവനന്ദയുടെയും മേധാവിത്തം. ഹയര്‍സെക്കന്‍ഡറി വിഭാഗം ജലച്ചായം, എണ്ണച്ചായം എന്നിവയില്‍ ഒന്നാംസ്ഥാനവും പെന്‍സില്‍ ഡ്രോയിംഗില്‍ രണ്ടാംസ്ഥാനവുമാണ് പെരിയ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി കെ.അരുണിമരാജ് നേടിയത്. ചിത്രകാരന് രാജേന്ദ്രന് പുല്ലൂരിന്റെ കീഴില്‍ നാലുവര്‍ഷം പരിശീലനം നേടിയ അരുണിമ എട്ടാംക്ലാസ് തൊട്ട് സംസ്ഥാന കലോത്സവത്തിലെ സ്ഥിരം വിജയിയാണ്. കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് നടത്തിയ സംസ്ഥാനതല ചിത്രരചന മത്സരത്തില്‍ രണ്ടുതവണ പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ചായത്തിലും എ ഗ്രേഡ് നേടിയിരുന്നു. മാവുങ്കാല്‍ നെല്ലിത്തറ സരസ്വതി വിദ്യാമന്ദിരത്തിലെ അധ്യാപകന് രാജന് ബങ്കളത്തിന്റെയും ആയമ്പാറ ജിയുപി സ്കൂള്‍ അധ്യാപിക കെ.രജനിയുടെയും മകളാണ്.
ഹൈസ്കൂള്‍ വിഭാഗം ജലച്ചായത്തില്‍ ഒന്നാംസ്ഥാനവും എണ്ണച്ചായം, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയില്‍ രണ്ടാംസ്ഥാനവുമാണ് ബേക്കല്‍ ജിഎഫ്എച്ച്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി കെ.ദേവനന്ദ സ്വന്തമാക്കിയത്. ഇത്തവണ സംസ്ഥാന ശാസത്രോത്സവത്തില് ഫാബ്രിക് പെയിന്റിംഗില്‍ ദേവനന്ദ എ ഗ്രേഡ് നേടിയിരുന്നു. കോട്ടയത്ത് നടക്കുന്ന വിദ്യാരംഗം സംസ്ഥാനതല ക്യാമ്പിലേക്കും ദേവനന്ദയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഒന്നാംക്ലാസ് തൊട്ട് ചിത്രകാരന് വിനോദ് അമ്പലത്തറയുടെ കീഴില്‍ പെയിന്റിംഗ് പഠിക്കുന്നുണ്ട്. ഇതേ സ്കൂളിലെ അധ്യാപകന് കെ.ടി.ബാബുവിന്റെയും കവയത്രിയും തച്ചങ്ങാട് ജിഎച്ച്എസ് അധ്യാപികയുമായ സുനിമോള്‍ ബളാലിന്റെയും മകളാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചിറ്റാരിക്കാല്‍ ഉപജില്ല കലാതിലകമായിരുന്നു സുനിമോള്‍. മൂത്തമകള്‍ ആര്യനന്ദ കവിതാരചനയില്‍ പലതവണ സംസ്ഥാനതലത്തില്‍ പങ്കെടുത്തിട്ടുണ്ട്.