കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിയുടെ ആരവം
1376234
Wednesday, December 6, 2023 8:09 AM IST
വലിയപറമ്പ്: കവ്വായി കായലിൽ കർഷകർ പ്രതീക്ഷയോടെ കല്ലുമ്മക്കായ കൃഷി വിത്തിറക്കി തുടങ്ങി. വിത്ത് എത്തിക്കുന്നതിലെ ഇടനിലക്കാരുടെ ചൂഷണമില്ലാതാക്കാൻ ഇത്തവണ അക്വാകൾച്ചർ സൊസൈറ്റിയുടെ ഇടപെടൽ കർഷർക്കും സംഘങ്ങൾക്കും ഏറെ ആശ്വാസമാ
യിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും അല്ലാത്ത കർഷകരും കൂടുതലായി കല്ലുമ്മക്കായ കൃഷിയിറക്കുന്നത് ഏതാണ്ട് നവംബർ മുതൽ ജനുവരി വരെയാണ്. കവ്വായി കായലിലെ ഇടയിലെക്കാടിന്റെ വലിയപറമ്പ് ഭാഗത്തും കിഴക്ക് ബണ്ടിനടുത്തുമാണ് കൂടുതലായി കൃഷി ഇറക്കി തുടങ്ങിയിട്ടുള്ളത്. കായലിലൊരുക്കിയ മുളന്തണ്ടുകൾ കൊണ്ടുള്ള സ്റ്റേജുകളിൽ ഒരടി അകലം പാലിച്ച് കയറുകളിൽ തുണിയിൽ കോർത്താണ് കല്ലുമ്മക്കായ വിത്തിറക്കുന്നത്.
കഴിഞ്ഞ വർഷം വരെ 60 കിലോ തൂക്കമുള്ള ഒരു ചാക്ക് വിത്തിന് 8000 രൂപ മുതൽ 9000 രൂപ വരെ നൽകിയാണ് കർഷകർ വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ അക്വാകൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വലിയപറമ്പിലെയും ഇടയിലെക്കാട്ടിലെയും മൽസ്യതൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളാണ് വിത്ത് വിതരണം ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഒരു ചാക്ക് വിത്തിന് 4200 മുതൽ 4700 രൂപ വരെയാണ് പരമാവധി വില. ഇത് കർഷകർക്കും സ്വയം സഹായ സംഘങ്ങൾക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും ആശ്വാസമായിട്ടുണ്ട്. എങ്കിലും ഇതേ വിലക്ക് കല്ലുമ്മക്കായ വിത്ത് സുലമായി ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പാൾ പള്ളിക്കര, കോട്ടിക്കുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കല്ലുമ്മക്കായ വിത്ത് എത്തിക്കുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുമ്പോൾ യാത്ര ചെലവ് കൂടുന്നുണ്ട്. അങ്ങിനെ വന്നാലും പരമാവധി വിലയായ 4700 രൂപക്ക് സംഘങ്ങൾ കർഷകർക്ക് വിത്തെത്തിക്കുന്നുണ്ട്. കടലിൽ ഉപയോഗിച്ചു വരുന്ന തവിട്ട് നിറത്തിലുള്ള വിത്ത് ഇവിടെ അനുയോജ്യമല്ല. കവ്വായികായലിൽ പച്ച നിറത്തിലുള്ള വിത്താണ് ഉപയോഗിക്കാൻ ഉചിതമെന്ന് സിഎംഎഫ്ആർഐ നിർദേശമുണ്ടായതിനാൽ കൂടുതലായി ഈ വിത്തിനാണ് ഡിമാന്റ്.
വിത്തിന് 15 മുതൽ 25 വരെ മില്ലിമീറ്റർ വലുപ്പമാണ് വേണ്ടതെന്നാണ് വിദഗ്ദരുടെ നിർദേശം. വിത്ത് ശേഖരണത്തിനുമുണ്ട് നിബന്ധന. ഒരു തൊഴിലാളി ഒരു ദിവസം 100 കിലോ വിത്ത് മാത്രമേ ശേഖരിച്ച് കൈമാറാവൂ. ആരോഗ്യത്തോടെ പരമാവധി ഒരു ദിവസമാണ് വിത്തിന്റെ ആയുസ്.
ഫിഷറീസ് അധികൃതരുടെ നിർദേശമനുസരിച്ച് ഒരു വ്യക്തിക്ക് 20 അടി നീളവും പത്തടി വീതിയുമുള്ള സ്റ്റേജിൽ 100 കൈവിത്ത് മാത്രമേ ഇറക്കാൻ അനുമതിയുള്ളു. എന്നാൽ സംഘങ്ങൾക്കും കർഷക കൂട്ടായ്മകൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും 80 അടി നീളവും 40 അടി വീതിയുമുള്ള സ്റ്റേജുകളിൽ 400 കൈ വിത്തിറക്കാം.
കർഷകർക്കും കൂട്ടായ്മകൾക്കും വിത്ത് എത്തിച്ചു നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഫെഡറേഷനെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കെ.വി. ഷീജ, സി. അംബിക, പി.വി. ഉഷ എന്നിവർ ദീപികയോട് പറഞ്ഞു. കവ്വായി കായലിലെ ഓരു ജലാംശം കണക്കാക്കി നാലു മാസം മുതൽ ആറു മാസം വരെയാണ് കല്ലുമ്മക്കായ പൂർണ വളർച്ചയെത്തി വിളവെടുക്കാനാവുക.
സ്വന്തം ലേഖകൻ