കൗമാര കലാമേളയ്ക്ക് നാളെ കാറഡുക്കയില്‍ തിരിതെളിയും
1375765
Monday, December 4, 2023 5:46 AM IST
കാറഡുക്ക: അഞ്ചുനാള്‍ നീണ്ടു നില്ക്കുന്ന കൗമാര കലാമേളയ്ക്ക് നാളെ കാറഡുക്ക ജിവിഎച്ച്എസ്എസില്‍ തിരിതെളിയും. രാവിലെ ഡിഡിയും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായി നന്ദികേശന് പതാക ഉയര്‍ത്തുന്നതോടെയാണ് 62-ാം റവന്യു ജില്ലാ കലോത്സവത്തിന് തുടക്കമാവുന്നത്. കാറഡുക്ക സ്കൂള്‍ ഇത് മൂന്നാം തവണയാണ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് ആതിത്ഥ്യമരുളുന്നത്.
അഞ്ച്, ആറ് തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളും ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ സ്റ്റേജിനങ്ങളുമാണ് നടക്കുക. കലോത്സവത്തിന്റെ ഉദ്ഘാടനം ഏഴിനു വൈകുന്നേരം നാലിനു നിയമസഭ സ്പീക്കര്‍ എ.എം. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ലോഗോ നിര്മിച്ചയാള്ക്കുള്ള ഉപഹാരം എ.കെ.എം. അഷറഫ് എംഎല്‍എയും സ്വാഗതഗാന രചയിതാവിനുള്ള ഉപഹാരം ഇ. ചന്ദ്രശേഖരന് എംഎല്‍എയും നിര്‍വഹിക്കും.
സമാപന സമ്മേളനം ഒമ്പതിന് വൈകുന്നേരം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. പൂര്‍വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ ക്ലബുകള്‍, കുടുംബശ്രീ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കലോത്സവത്തിനായി സ്കൂളിനെ ഒരുക്കുന്നതിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക സമിതികള്‍ രുപീകരിച്ച് കലോത്സവത്തിനായി സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കലാപ്രേമികളെയും ഒരുപോലെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ വിവിധ പ്രദേശിക സമിതികളുടെ നേതൃത്വത്തില്‍ കലവറഘോഷയാത്രയുള്പ്പെടെ നടക്കും.
വരവവറിയിച്ച് ഫ്ളാഷ് മോബ്
കാറഡുക്ക: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ വരവവറിയിച്ച് ഫ്ളാഷ് മോബ്. ബോവിക്കാനം വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ കുട്ടികള്‍ ചെര്‍ക്കള, കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ്, ബദിയഡുക്ക, മുള്ളേരിയ, കര്‍മംതോടി എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. ബോവിക്കാനത്ത് നടന്ന പരിപാടി മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ. മോഹനന്, ഷിഹാബ്, എ.രാജേഷ് കുമാര്‍, രജിത്ത് കാടകം എന്നിവര്‍ പ്രസംഗിച്ചു. കെ. സനിഷ കുമാരി, എം. ഷൈമ, കെ.വി. ലിഖിത, സി. സൂര്യ, എസ്. കീര്‍ത്തന, എം. ദിക്ഷ, പി.എന്‍. ദിയ, പി. നിജിഷ, സി.ജെ. അര്‍ച്ചന, വര്‍ഷ ചന്ദ്രന്, എം. സന്ധ്യ, പി. അനുപ്രിയ, ശ്രീവര്‍ഷ, ഡി. പൂര്‍ണിമ, ശരണ്യ, കാവ്യശ്രീ, സി. ധന്യശ്രീ, ബി. ജ്യോതിക, വി. ബസ്മിത എന്നീ കുട്ടികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.