ഫുട്ബോൾ പ്രതാപം തിരികെപിടിക്കാൻ ഉദിനൂരിൽ അക്കാഡമി
1375763
Monday, December 4, 2023 5:46 AM IST
തൃക്കരിപ്പൂർ: കാൽപന്തുകളിയിലെ ഉദിനൂരിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഉദിനൂർ ഫുട്ബാൾ അക്കാഡമി പിറന്നു. ചിട്ടയായ തുടർ പരിശീലനമാണ് അക്കാഡമി ലക്ഷ്യം വയ്ക്കുന്നത്.
ആദ്യഘട്ടത്തിൽ 8 മുതൽ 14 വയസ് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുക. ആദ്യബാച്ചിന്റെ പരിശീലനത്തിനായി സെലക്ഷൻ ട്രയലും റജിസ്ടേഷൻ ക്യാമ്പും ഉദിനൂർ ജിഎച്ച്എസ്എസ് മിനി സ്റ്റേഡിയത്തിൽ നടന്നു. ഇരുനൂറിൽപ്പരം കുട്ടികൾ സെലക്ഷൻ ട്രയലിൽ പങ്കെടുത്തു.ഫുട്ബോളിനെ സ്നേഹിക്കുന്ന ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലേയും സഹൃദയ കൂട്ടായ്മയാണ് ഉദിനൂർ ഫുട്ബോൾ അക്കാഡമിക്ക് തുടക്കം കുറിച്ചത്. അഖിലേന്ത്യ ഫുട്ബോൾ പരിശീലകൻ ടി. പവിത്രൻ, ദേശീയ ഫുട്ബോൾ താരം സുബിത പൂവട്ട, പരിശീലകരായ എം. പവിത്രൻ, രവി കിഴക്കൂൽ, പ്രണവ് തടിയൻകൊവ്വൽ എന്നിവരാണ് ആദ്യ ഘട്ട പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഡി ലെവൽ ലൈസൻസുള്ള പ്രഗത്ഭ പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ആഴ്ച തോറും ദ്വിദിന പരിശീലനമാണ് നൽകുക. യോഗത്തിൽ അക്കാഡമി പ്രസിഡന്റ് രമേശൻ കിഴക്കൂൽ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. അശോകൻ, അക്കാദമി സെക്രട്ടറി സി. സുരേശൻ,മോഹനൻ ഉദിനൂർ, കെ.പി. രമേശൻ, എ. സുമേഷ്, വി. ശിവദാസ്, കെ. ദാമു, ഒ.കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.