അപകടക്കവലയായി ചായ്യോത്ത് കയ്യൂർ റോഡ് ജംഗ്ഷൻ
1374028
Tuesday, November 28, 2023 1:14 AM IST
ചായ്യോത്ത്: പാതിവഴിയിൽ നിലച്ച നീലേശ്വരം-ഇടത്തോട് റോഡ് നവീകരണം മൂലം അപകടക്കവലയായി മാറി ചായ്യോത്ത് കയ്യൂർ റോഡ് ജംഗ്ഷൻ. ഇവിടെ റോഡ് വീതികൂട്ടി ഒന്നാംഘട്ട മെക്കാഡം ടാറിംഗ് നടത്തിയതോടെ വാഹനങ്ങളെല്ലാം സാമാന്യം വേഗതയിലാണ് വരുന്നത്. നീലേശ്വരം-ഇടത്തോട് റോഡിലൂടെ ഒരുവശങ്ങളിലേക്കും കടന്നുപോകുന്ന വാഹനങ്ങളും കയ്യൂർ റോഡിൽ നിന്ന് ഈ റോഡിലേക്ക് കടന്നുവരുന്ന വാഹനങ്ങളും ഒരുപോലെ വേഗതയിലാകുമ്പോൾ അപകടങ്ങൾ തുടർക്കഥയാകുന്നു.
ഈ മാസം മാത്രം ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ആളപായമോ മാരകമായ പരിക്കുകളോ ഉണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം. ടാറിംഗ് നടന്ന് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരു ജംഗ്ഷനാണെന്ന് കാണിക്കുന്ന യാതൊരുവിധ സൂചനാ ബോർഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളോ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്രവൃത്തികൾ പൂർത്തിയാകുന്നതിനുമുമ്പേ കരാർ റദ്ദാക്കിയതുകൊണ്ട് എല്ലാം കെആർഎഫ്ബി അധികൃതരുടെമേൽ ചാരിവച്ച് കരാറുകാരൻ മടങ്ങിപ്പോയി. ഇനി വീണ്ടും ടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ വച്ച് പ്രവൃത്തികൾ പുനരാരംഭിക്കുമ്പോൾ മാത്രമേ ഇവിടെ സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കപ്പെടുകയുള്ളൂ എന്നാണ് അവസ്ഥ.
അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ജംഗ്ഷനിലെത്തുമ്പോൾ മാത്രമാണ് കയ്യൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ കാണുന്നത്. പലപ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടം ഒഴിവാക്കാൻ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡ് പ്രവൃത്തികൾ പുനരാരംഭിക്കുന്നതുവരെ കാത്തുനില്ക്കാതെ ഇവിടെ അപകടങ്ങളൊഴിവാക്കാൻ ബാരിക്കേഡുകളോ സ്പീഡ് ബ്രേക്കറുകളോ താത്കാലികമായി സ്ഥാപിക്കണമെന്നാണ് അധികൃതരോട് നാട്ടുകാർക്ക് പറയാനുള്ളത്.