റെയിൽവേ സ്റ്റേഷനുകളിലെ തെരുവുനായ പ്രശ്നം : പരിഹരിക്കാൻ നടപടിയെന്ന് ഡിവിഷണൽ മാനേജർ
1373563
Sunday, November 26, 2023 4:01 AM IST
കാസർഗോഡ്: കാസർഗോഡും കാഞ്ഞങ്ങാടുമടക്കം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ രാത്രിയും പകലും തെരുവുനായ്ക്കൾ താവളമടിക്കുന്ന പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു ഡിവിഷണൽ മാനേജർ.
ഇതിനിടയിലാണ് തെരുവുനായ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം ദീപിക ഉൾപ്പെടെയുള്ള പത്രങ്ങളിൽ വന്ന വാർത്തകൾ യാത്രക്കാരുടെ പ്രതിനിധികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
യാത്രക്കാർക്ക് അപകടമുണ്ടാകാവുന്ന തരത്തിൽ പ്ലാറ്റ്ഫോമുകളിലും സ്റ്റേഷൻ ഓഫീസ് പരിസരത്തും തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ഡിവിഷണൽ മാനേജർ നിർദേശം നൽകി.
നായ്ക്കളെ സംരക്ഷിക്കാൻ തയ്യാറുള്ള വ്യക്തികളുടെയോ സംഘടനകളുടെയോ സഹായത്തോടെ ഇവയെ മറ്റിടങ്ങളിലേക്ക് മാറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.