നവീകരണത്തിനായി രാജാറോഡ് ഇനിയും അളന്നുതീർന്നില്ല
1373017
Friday, November 24, 2023 1:56 AM IST
നീലേശ്വരം: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നു പ്രതീക്ഷിച്ച രാജാറോഡ് നവീകരണപദ്ധതിക്കും കച്ചേരിക്കടവ് പാലത്തിനുമായി 40 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത് 2017 ലെ സംസ്ഥാന ബജറ്റിലാണ്. മാർക്കറ്റ് ജംഗ്ഷൻ മുതൽ റെയിൽവേ മേൽപാലം വരെ 1.3 കിലോമീറ്റർ നീളത്തിലുള്ള രാജാറോഡിന്റെ നവീകരണം പിന്നീട് കിഫ്ബി ഏറ്റെടുത്തു.
റോഡ് നവീകരണത്തിനായി ഏറ്റെടുക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും കണക്കെടുക്കാൻ പലതവണ അളവെടുപ്പും സർവേയും നടത്തി. പുതിയ റോഡിന്റെ രൂപരേഖ തയ്യാറാക്കി. സ്ഥലമുടമകളും കെട്ടിട ഉടമകളുമായി പലവട്ടം ചർച്ച നടത്തി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തി. നഷ്ടപരിഹാര വിതരണവും കെട്ടിടം പൊളിക്കലും ഉടൻതന്നെ ആരംഭിക്കുമെന്നും തൊട്ടുപിന്നാലെ ടെൻഡർ വിളിച്ച് പ്രവൃത്തികൾ ആരംഭിക്കുമെന്നും പറയാൻ തുടങ്ങിയിട്ടുതന്നെ മൂന്നുവർഷത്തോളമായി.
എന്നാൽ കഴിഞ്ഞദിവസം തഹസിൽദാറുടെ നേതൃത്വത്തിൽ വീണ്ടും അളവെടുപ്പ് നടന്നതോടെ കെട്ടിട ഉടമകൾ വീണ്ടും ആശങ്കയിലായി. റോഡിന്റെ രൂപരേഖയിൽ വീണ്ടും മാറ്റം വന്നാൽ കൂടുതൽ കെട്ടിടങ്ങളും സ്ഥലവും നഷ്ടമാകുമോ എന്നായിരുന്നു ആദ്യത്തെ ആശങ്ക. എന്നാൽ രൂപരേഖയിൽ മാറ്റംവരുത്തിയിട്ടില്ലെന്നും നേരത്തേ അളന്ന സ്ഥലങ്ങളുടെ തന്നെ വിലനിർണയം സംബന്ധിച്ച കാര്യങ്ങളുടെ അവസാനവട്ട സ്ഥിരീകരണത്തിനാണ് വീണ്ടും അളക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. നേരത്തേ നിശ്ചയിച്ച വില കുറയ്ക്കാൻ വേണ്ടിയല്ലാതെ കൂട്ടാൻവേണ്ടി എന്തായാലും അധികൃതർ വീണ്ടും അളക്കില്ലെന്നറിയാവുന്ന കെട്ടിട ഉടമകൾ ആശങ്കയിൽ തന്നെയാണ്.
അളവെടുപ്പും കണക്കുകൂട്ടലുമല്ലാതെ പണി തുടങ്ങുന്ന കാര്യത്തിൽ അധികൃതർക്ക് യാതൊരു തിരക്കും കാണുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നു പറഞ്ഞ പദ്ധതികളിൽ പുതിയ നഗരസഭാ മന്ദിരം മാത്രമാണ് ഏറെക്കുറെ പൂർത്തിയായിട്ടുള്ളത്. കച്ചേരിക്കടവ് പാലത്തിന്റെ പ്രവൃത്തികൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. രാജാറോഡ് നവീകരണം അളവെടുപ്പിലൊതുങ്ങുന്നു. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും കാര്യമായൊന്നും സംഭവിക്കുന്നില്ല.
നേരത്തേ ബസ് സ്റ്റാൻഡ് കെട്ടിടം ഉണ്ടായിരുന്നതിന്റെ നേരെ എതിർവശത്താണ് പുതിയ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. ഇവിടെ കെട്ടിടം നിർമിക്കുകയും മറുവശത്ത് ഇപ്പോഴത്തെ ബസ് ഷെൽട്ടർ ഉൾപ്പെടെയുള്ള ഭാഗം രാജാറോഡ് വീതികൂട്ടുമ്പോൾ അതിലുൾപ്പെടുകയും ചെയ്താൽ ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിൽക്കാനുള്ള സ്ഥലം തീർത്തും കുറഞ്ഞുപോകുമെന്ന സംശയവുമുണ്ട്.
മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാത മതിലുപോലെ ഉയർത്തിക്കെട്ടുമ്പോൾ നവീകരിക്കുന്ന രാജാറോഡ് എവിടെ ചെന്നുചേരുമെന്ന സംശയവും ബാക്കിയാണ്.