അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും തീരുമോ ഈ പണി ?
1373015
Friday, November 24, 2023 1:56 AM IST
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ പൂടംകല്ല് മുതൽ ചിറംകടവ് വരെയുള്ള പാത നവീകരണത്തിൽ മുണ്ടോട്ട് മുതൽ രണ്ടു കിലോമീറ്റർ ഭാഗത്തു നിർമാണപ്രവർത്തികൾ വേഗത്തിലായിതുടങ്ങി. മുണ്ടോട്ട് ഭാഗത്തു റോഡ് കിളച്ച് ജിഎസ്പി മെറ്റൽ നിരത്തുന്ന വർക്ക് ഏതാനം ദിവസങ്ങളായി പുരോഗമിക്കുന്നു.
ചെറിയ കള്ളാർ മുതൽ മാലക്കല്ല് വരെ റോഡ് സൈഡിലെ മണ്ണ് എടുത്തു മാറ്റി. അതിനിടയിൽ രണ്ടു കലുങ്കുകളുടെ നിർമാണം പുരോഗമിക്കുന്നു. വലിയ ടോറസ് വാഹനങ്ങളിൽ ജിഎസ്പി മെറ്റൽ കൊണ്ട് വന്നു സ്റ്റോക്ക് ചെയ്യുന്നുണ്ട്.
മുൻപത്തെ അപേക്ഷിച്ചു റോഡ് പണിക്ക് അൽപം വേഗത വന്നിട്ടുണ്ട്. രണ്ടാം റീച്ച് കോളിച്ചാൽ മുതൽ പാണത്തൂർ ചിറംകടവ് ഭാഗം നിരവധി കലുങ്ക് പാലങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാകുവാനുണ്ട്. മരംമുറി, വൈദ്യുതതൂൺ മാറ്റൽ എന്നിവ ഒന്നും ആരംഭിച്ചിട്ടില്ല. ഈ ഭാഗത്ത് ഏതാണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചസ്ഥിതിയാണ്. നിലവിൽ കരാർ കാലാവധി അവസാനിച്ച റോഡ് പണി അടുത്ത മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് പാണത്തൂർ വരെ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.