പച്ചത്തേങ്ങ വെളിച്ചെണ്ണയായിട്ടും കർഷകർക്കും സ്ഥാപനങ്ങൾക്കും പണം കിട്ടിയില്ല
1372733
Thursday, November 23, 2023 7:25 AM IST
കാസർഗോഡ്: തേങ്ങയുടെ വിലയിടിവ് കർഷകരെ ഏറെ ദുരിതത്തിലാക്കിയ കാലത്താണ് കിലോയ്ക്ക് 34 രൂപ നിശ്ചയിച്ച് കേരഫെഡിനു കീഴിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. ജില്ലയിൽ 12 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ജൂലൈ മാസം മുതൽ സംഭരണം തുടങ്ങിയത്.
അനുമതിപത്രത്തിനായി പലതവണ കൃഷി ഓഫീസുകൾ കയറിയിറങ്ങിയും കൃഷിയിടങ്ങളിൽ പരിശോധന നടത്തിയും മുൻകൂട്ടി വിളിച്ച് ടോക്കണെടുത്തുമൊക്കെയാണ് കർഷകർ ഈ കേന്ദ്രങ്ങളിൽ തേങ്ങയെത്തിച്ചത്.
എന്നാൽ ഓഗസ്റ്റ് മൂന്നുവരെ സംഭരിച്ച തേങ്ങയ്ക്ക് മാത്രമാണ് ഇതുവരെ പണം നൽകിയത്. കേരഫെഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ പച്ചത്തേങ്ങ സംഭരിച്ച സഹകരണ സ്ഥാപനങ്ങളും കർഷക കൂട്ടായ്മകളും കയറ്റുകൂലിയടക്കം സ്വന്തം സ്ഥാപനത്തിൽ നിന്നും എടുത്താണ് നൽകിയത്. സംഭരിക്കുന്ന തേങ്ങയുടെ അഞ്ച് ശതമാനമാണ് കയറ്റിറക്ക് കൂലി. സംഭരണച്ചെലവും സ്ഥാപനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒരൊറ്റ സഹകരണ സംഘത്തിനോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കോ ഇത് ലഭിച്ചിട്ടില്ല.
പല സഹകരണസ്ഥാപനങ്ങളും സംഭരണശാല വാടകയ്ക്കെടുത്താണ് പച്ചത്തേങ്ങ സംഭരിച്ചത്. ഈ വാടകയും തൊഴിലാളികളുടെ കൂലിയുമടക്കം അതത് സംഘങ്ങൾ തന്നെ നൽകേണ്ടിവന്നു. കർഷകരിൽനിന്നും സംഭരിച്ച പച്ചത്തേങ്ങ സ്വകാര്യ ഡ്രയർ യൂണിറ്റുകളിലെത്തിച്ചാണ് കൊപ്രയാക്കി കേരഫെഡിന് കൈമാറിയത്. ഈ ഡ്രയർ യൂണിറ്റുകൾക്കും ഇതുവരെ കരാർ പ്രകാരം ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ല. ചെറുപുഴയിലെ സ്വകാര്യ ഡ്രയർ സ്ഥാപനത്തിന്
മാത്രം 25 ലക്ഷത്തോളം രൂപ ലഭിക്കാനുള്ളതായി ഉടമ പറയുന്നു.
സംഭരണം തുടങ്ങിയ സമയത്ത് കേരഫെഡ് ചുമതലപ്പെടുത്തിയ കരാറുകാരായിരുന്നു വിവിധ സംഭരണകേന്ദ്രങ്ങളിൽനിന്ന് കൊപ്രാ ഡ്രയർ യൂണിറ്റുകളിലേക്ക് തേങ്ങ എത്തിച്ചിരുന്നത്. പണം കിട്ടാതായതോടെ അവരും പണി നിർത്തി. കഴിഞ്ഞ അഞ്ച്മാസമായി വാഹനം ഏർപ്പാടുചെയ്ത് തേങ്ങ എത്തിക്കുന്നതിനുള്ള ചുമതലയും ഡ്രയർ ഉടമകൾക്കു തന്നെയായി.
സംഭരണകേന്ദ്രങ്ങളിൽനിന്ന് എത്തിക്കുന്ന തേങ്ങ കൊപ്രയാക്കി കോഴിക്കോട് നടുവണ്ണൂരിലേയോ കരുനാഗപ്പള്ളിയിലേയോ കേരഫെഡ് കേന്ദ്രത്തിലേക്ക് എത്തിച്ചാൽ ക്വിന്റലിന് 850 രൂപയാണ് കരാർ പ്രകാരം കേരഫെഡ് ഡ്രയർ ഉടമകൾക്ക് നല്കേണ്ടത്.
എന്നാൽ പെരുമഴക്കാലത്തുപോലും മികച്ച നിലവാരത്തിൽ ഉണക്കിയെടുത്ത കൊപ്ര യഥാവിധി എത്തിച്ചുനൽകിയിട്ടും അതിന്റെ പ്രതിഫലം കിട്ടാതെ വലയുകയാണ് ഡ്രയർ ഉടമകൾ ഉണക്കി നൽകിയ കൊപ്ര എന്നേ വെളിച്ചെണ്ണയായി വിപണിയിലെത്തിയിട്ടും തൊഴിലാളികൾക്ക് വേതനം കൊടുക്കാൻ പോലും മറ്റ് വഴികൾ തേടേണ്ട അവസ്ഥ.
പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽനിന്നും ലഭിക്കേണ്ട ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേരഫെഡ് അധികൃതരുടെ വിശദീകരണം. സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും അത് ഇതുവരെ കേരഫെഡിന് ലഭിച്ചിട്ടില്ല.
അത്രയും തുക ഒന്നിനും തികയുകയുമില്ല. എന്നാൽ കൊപ്ര വിറ്റുകിട്ടുന്ന ലാഭം കൃത്യമായി സർക്കാരിന് ലഭിക്കുന്നുമുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ചുമക്കേണ്ടത് കർഷകരും ചെറുകിട സ്ഥാപനങ്ങളും മാത്രമാണോ എന്നാണ് എല്ലാവരുടെയും ചോദ്യം.