ക്ലാസ് തുടങ്ങി ഒരുമാസം... അധ്യാപകരില്ലാതെ നഴ്സിംഗ് കോളജ്
1372732
Thursday, November 23, 2023 7:25 AM IST
ബദിയടുക്ക: ഉക്കിനടുക്കയിലെ നിർദിഷ്ട ഗവ.മെഡിക്കൽ കോളജ് കെട്ടിടത്തിൽ ആദ്യമായി അനുവദിച്ച ബിഎസ്സി നഴ്സിംഗ് കോളജും ബാലാരിഷ്ടതകൾക്കു നടുവിൽ. ക്ലാസുകൾ തുടങ്ങി ഒരു മാസമാകാറായിട്ടും കോളജിൽ അധ്യാപകരുടെ നിയമനം പോലും പൂർത്തിയായിട്ടില്ല.
അടുത്ത ഒരു മാസത്തിനകം അടിസ്ഥാനസൗകര്യങ്ങളെങ്കിലും ലഭ്യമാക്കുകയും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കത്തുനൽകി.
സംസ്ഥാനത്ത് സർക്കാർ തലത്തിൽ ഈ വർഷം പുതുതായി തുടങ്ങിയ ആറ് നഴ്സിംഗ് കോളജുകളിലൊന്നാണ് ഉക്കിനടുക്കയിലേത്. 60 വിദ്യാർഥികളാണ് ഇവിടെ പ്രവേശനം നേടിയിട്ടുള്ളത്. ഇതോടൊപ്പം ക്ലാസ് തുടങ്ങിയ സംസ്ഥാനത്തെ മറ്റെല്ലാ നഴ്സിംഗ് കോളജുകളിലും പഠനം തുടങ്ങിയപ്പോഴും അടിസ്ഥാന സൗകര്യങ്ങളൊരുങ്ങാനും അധ്യാപകരെത്താനും കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് ഇവർ.
മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനായി നിർമിച്ച കെട്ടിടത്തിൽ ഒരു മുന്നൊരുക്കവുമില്ലാതെ നഴ്സിംഗ് കോളജ് തുടങ്ങിയപ്പോൾ തന്നെ ഇവിടെ പ്രവേശനം നേടുന്ന വിദ്യാർഥികൾ സമരം ചെയ്യേണ്ടിവരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു.
സർക്കാർ മേഖലയിൽ നഴ്സിംഗ് പ്രവേശനമെന്ന ഒറ്റ ആശ്വാസവുമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടേക്ക് വണ്ടികയറിയെത്തിയത്. ഹോസ്റ്റലിന്റെ പണി പോലും പൂർത്തിയാകാത്തതിനാൽ ഉക്കിനടുക്കയിലെ സ്വകാര്യ കെട്ടിടങ്ങളിൽ വാടക വീതിച്ചുനൽകിയാണ് ഇവർ താമസിക്കുന്നത്.
നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുമ്പോൾ പ്രിൻസിപ്പലിന്റെ ചുമതലിലുണ്ടായിരുന്ന അധ്യാപികയും അസി.പ്രഫസർ തസ്തികയിലുള്ള മറ്റൊരു സ്ഥിരാധ്യാപികയും ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ കണ്ണൂർ ഗവ.നഴ്സിംഗ് കോളജിലേക്ക് തിരിച്ചുപോയി. പകരം കോഴിക്കോട്ടും എറണാകുളത്തും നിന്ന് രണ്ട് അസി.പ്രഫസർമാരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അവരും എത്രകാലം നിൽക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. തങ്ങൾ മാത്രമായിരിക്കും മൂന്നുവർഷം സ്ഥിരമായി ഇവിടെ ഉണ്ടാവുകയെന്ന് വിദ്യാർഥികൾക്കും മനസ്സിലായിട്ടുണ്ട്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഷ്യോളജി, അനാട്ടമി വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിച്ചാണ് കുറച്ചു ക്ലാസുകളെങ്കിലും നടത്തുന്നത്.
പരാതികൾ കേൾക്കേണ്ടിവരുന്നത് ഒഴിവാക്കാനെന്നോണം ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യമത്രി ജില്ലയിൽ നടത്തിയ ആശുപത്രി സന്ദർശനങ്ങളിൽ നിന്ന് മെഡിക്കൽ കോളജിനെ ഒഴിവാക്കിയിരുന്നു.
അതുകഴിഞ്ഞ് നവകേരള സദസിനായി വീണ്ടും ജില്ലയിലെത്തിയപ്പോഴും ഇവിടെയെത്തിയില്ല. ഇതിനു പിന്നാലെയാണ് വിദ്യാർഥികൾ സമരത്തിനായി നോട്ടീസ് നൽകിയത്.