എവിടെ പിങ്ക് സ്റ്റേഡിയം ?
1340144
Wednesday, October 4, 2023 6:47 AM IST
കാസര്‍ഗോഡ്: പ്രഖ്യാപനം നടത്തി രണ്ടുവര്‍ഷമാകുമ്പോഴും സംസ്ഥാനത്തെ ആദ്യത്തെ വനിത സ്റ്റേഡിയം ഇപ്പോഴും കടലാസില്‍ തന്നെ. കാസര്‍ഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറ്റാന്‍ പദ്ധതിയിട്ടത്. 2021 ഒക്ടോബര്‍ 30നു കായിക മന്ത്രി വി.അബ്ദുള്‍ റഹ്മാനാണ് ജില്ലയില്‍ വനിതകള്‍ക്കായി സ്റ്റേഡിയം സ്ഥാപിക്കുമെന്ന് അറിയിച്ചത്.
എന്നാല്‍ ഈ വാഗ്ദാനത്തിനുശേഷം ഒന്നോ രണ്ടോ വട്ടം ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ചതൊഴിച്ചാല്‍ യാതൊന്നും സംഭവിച്ചില്ല.
അടുത്തിടെ പദ്ധതിയുടെ പ്രപ്പോസല്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നിലവില്‍ ഇവിടെ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന സ്ഥലമാണ്.
സ്വതവേ കളിക്കളങ്ങള്‍ കുറവുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് ഈ സ്റ്റേഡിയം നന്നായി പ്രയോജപ്പെടുത്താന്‍ കഴിയുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് സൈക്ലിംഗ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമായിരുന്നു.
രാവിലെയും വൈകുന്നേരവും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. വനിതകള്‍ക്കായുള്ള പിങ്ക് സ്റ്റേഡിയം കാസര്‍കോട് ഒരുക്കുവാനുള്ള വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിയോട് നേരിട്ടും വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.
സര്‍ക്കാര്‍ തിരുമാനത്തിനനുസരിച്ച് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് നഗരസഭ ചെയര്മാന് വി.എം. മുനീര്‍ പറഞ്ഞു. നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടനെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ബിജു അറിയിച്ചു.