കുതിപ്പിനൊരുങ്ങി ജില്ലയുടെ കായല്‍ ടൂറിസം
1338688
Wednesday, September 27, 2023 2:33 AM IST
നീലേശ്വരം: പരിസ്ഥിതി സൗഹൃദപരമായ വിനോദ സഞ്ചാരത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണ രാജ്യാന്തര വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ വിനോദസഞ്ചാരത്തില്‍ മാറ്റേകുകയാണ് ജില്ലയുടെ കായല്‍ ടൂറിസം. ഓടുപാകി മനോഹരമാക്കിയ മേല്‍ക്കൂരയില്‍ തലയെടുപ്പോടെ നില്ക്കുന്ന ഹൗസ്ബോട്ട് ടെര്‍മിനല്‍.
കായല്‍ ടൂറിസത്തിന്റെ ആസ്വദന മധുരം നുകരാന്‍ സഞ്ചാരികളെ മാടി വിളിക്കുകയാണ് നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍. ഉത്തര കേരളത്തില്‍ നീലേശ്വരം കോട്ടപ്പുറമാണ് കായല്‍ ടൂറിസത്തിന്റെ ഈറ്റില്ലം.
ബോട്ട് ടെര്‍മിനല്‍ കൂടി വന്നതോടെ കായല്‍ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങുകയാണ് ജില്ല. കോട്ടപ്പുറം ബോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ആരംഭിക്കുന്ന കായല്‍ സൗന്ദര്യ ആസ്വാദനയാത്ര കവ്വായിവരെ നീളുന്നു.
കണ്ടല്‍ക്കാടിനെ അറിഞ്ഞുള്ള യാത്ര ഓരോ യാത്രികനും സമ്മാനിക്കുന്നത് നവ്യാനുഭവമാണ്. കടലില്‍ നിന്നും കായലിലേക്ക് വേര്‍തിരിക്കപ്പെട്ട വലിയപറമ്പ ദ്വീപ് പ്രകൃതി സൗന്ദര്യത്താല്‍ പ്രശസ്തമാണ്. കായല്‍ത്തീരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ബോട്ട് സര്‍വീസുകള്‍ ഇഷ്ടം പോലെയുണ്ട്.
എടയിലക്കാടും അയിറ്റിയും സമ്മാനിക്കുന്നത് പ്രകൃതി ആസ്വാദനത്തിന്റെ പുത്തന്‍ തലങ്ങളാണ്. ദേശാടന പക്ഷികള്‍ ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രധാന കേന്ദ്രം കൂടിയാണിവിടം.
ജലസവാരിയ്ക്കു പുറമെ കായല്‍മത്സ്യങ്ങളുടെ രുചിക്കൂട്ടിലൊരുക്കുന്ന ഭക്ഷണ വിഭവങ്ങളും മറക്കാത്ത അനുഭൂതി പകരും. മികച്ച വിശ്രമാനുഭവം കൂടിയാണ് സാവധാനത്തില്‍ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിലെ യാത്ര നല്‍കുന്നത്. പഴയ കാലത്തെ കെട്ടുവള്ളങ്ങളുടെ പുനര്‍നിര്‍മിച്ച പതിപ്പാണ് ഇന്നത്തെ ഹൗസ് ബോട്ടുകള്‍. ശാന്തമായ കായലുകള്‍ എന്നതാണ് ഇവിടത്തെ പ്രത്യേകത.
തെക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയിലെ കായലുകളില്‍ മാലിന്യങ്ങള്‍ കുറവാണ്. കായല്‍ ടൂറിസം അനുദിനം വളര്‍ന്ന് വരുമ്പോള്‍ ഉത്തര മലബാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ മുതല്‍കൂട്ടാണ് ജില്ലയിലെ കായല്‍ ടൂറിസം.