ശില്പകലാ ക്യാമ്പ് 29 മുതൽ
1338468
Tuesday, September 26, 2023 1:31 AM IST
തൃക്കരിപ്പൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാലിക-ബാലന്മാരെ പങ്കെടുപ്പിച്ചുള്ള നാലു ദിവസം നീളുന്ന ശില്പകലാ ക്യാമ്പിന് തൃക്കരിപ്പൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചിത്ര ശില്പകലാ അക്കാദമിയുടെയും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ്- കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 154 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 29ന് എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കാലടി സംസ്കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് കോളജ് മേധാവി ഡോ.ജ്യോതിലാല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മാതൃത്വത്തിന്റെ പ്രാധാന്യം സമൂഹത്തിന് പകര്‍ന്നേകുന്ന അമ്മയുടെ ശില്പങ്ങള് 29, 30 തീയതികളില്‍ കുരുന്നുകള്‍ രൂപപ്പെടുത്തും. മഹാത്മാ ഗാന്ധിയുടെ 154 മത് ജന്മവാര്ഷിക ഭാഗമായി ഒക്ടോബര്‍ 1, 2 തീയതികളില്‍ 154 വിദ്യാര്‍ഥികള്‍ 154 ഗാന്ധി ശില്പങ്ങള് നിര്‍മിച്ച് ഗാന്ധിജയന്തി സന്ദേശം നാടിനായി സമര്‍പ്പിക്കും.
കുട്ടികള്‍ നിര്‍മിച്ച ഗാന്ധി ശില്പ പ്രദര്‍ശനം ഗാന്ധിജയന്തി ദിനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ചിത്രകാരന് കാരക്കമണ്ഡപം വിജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. ശില്പി രവീന്ദ്രന് തൃക്കരിപ്പൂര്‍, ശിഷ്യരായ മഞ്ജിമ മണി, കെ.വി. നന്ദന, അഭിനവ് ലാല്‍, കെ. അഭിനന്ദ്, എന്‍. ചിത്രരാജ്, അപര്‍ണ വിജയന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.