അപ്പാരല്‍ പാര്ക്കിന് ബിരിക്കുളത്ത് സ്ഥലം കണ്ടെത്തി
1338462
Tuesday, September 26, 2023 1:30 AM IST
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അപ്പാരല്‍ പാര്‍ക്ക് പദ്ധതിയുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
തൊഴിലവസരം സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യം കുറച്ച് കൊണ്ടുവരികയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനായി പരപ്പ വില്ലേജില്‍ ബിരിക്കുളത്ത് 50 സെന്റ് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
വിദേശ വിപണിയും ആഭ്യന്തര വിപണിയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കില്‍ ഫാഷന്‍ ഡിസൈനിംഗ്, വസ്ത്ര നിര്‍മ്മാണ മേഖലകളില്‍ പരിശീലനം ലഭിച്ച 50 വനിതകളുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ കമ്പനി രൂപീകരിച്ചു പ്രവര്‍ത്തിക്കും.
പാര്‍ക്കിലെ അനുബന്ധ ജോലികള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിലൂടെ അധികമായി 50 വനിതകള്‍ക്ക് കൂടി നേരിട്ടല്ലാതെ ജോലി ലഭിക്കും. ഒപ്പം സ്ഥിരം പരിശീലന കേന്ദ്രവും പാര്‍ക്കില്‍ പ്രവര്‍ത്തിക്കും.
ജില്ലയില്‍ വനിതാ തൊഴില്‍ മേഖലയില്‍ മാതൃകയാവുന്ന സ്ഥാപനം ആയി അപ്പാരല്‍ പാര്‍ക്കിനെ മാറ്റുകയാണ് ലക്ഷ്യം.
അപ്പാരല്‍ പാര്‍ക്കിനാവശ്യമായ കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതിയുടെ ഡിപിആര്‍ (വിശദ വിവര റിപ്പോര്‍ട്ട് ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ലാ കളക്ടര്‍ കെ .ഇമ്പശേഖറിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മാവതി, കെഡിപി മുന്‍ സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍ എന്നിവര്‍ പങ്കെടുത്തു.