കാസര്‍ഗോഡ് കളക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
1337482
Friday, September 22, 2023 3:20 AM IST
കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മിച്ച വീടുകളുടെ ജീര്‍ണാവസ്ഥ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവ് പാലിക്കാതിരുന്ന കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
സര്‍ക്കാരിന്റെ കൊട്ടാരതുല്യമായ ബംഗ്ലാവുകളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേയെന്നു ചോദിച്ച ഹൈക്കോടതി ഹര്‍ജി 25 ന് വീണ്ടും പരിഗണിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി വിശദീകരണം നല്‍കാനും ഉത്തരവിട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വീടുകള്‍ യഥാസമയം കൈമാറാത്തതിനാല്‍ ജീര്ണാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് കളക്ടര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. 81 വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. ഇവയില്‍ പലതും കൈമാറാത്തതിനാല്‍ ജീര്‍ണാവസ്ഥയിലാണെന്നും പുനർനിര്‍മിക്കാന്‍ 24 ലക്ഷം രൂപ വേണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.
ജില്ലാ കളക്ടര്‍ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധവാനാകണമായിരുന്നുവെന്ന് കോടതി പറഞ്ഞു. വിശദീകരണം നല്‍കാത്തത് അസ്വസ്ഥതയുണ്ടാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിലവില്‍ അവരുടെ സ്ഥിതി എന്താണെന്നു കൂടി അറിയണം. കളക്ടര്‍ ഇവരുടെ കാര്യത്തില്‍ നൂറുശതമാനം മുന്‍ഗണന നല്‍കണമായിരുന്നു. അവര്‍ക്കു വീട് നല്‍കാനാകുന്നില്ല.
നിര്‍മിച്ച വീടുകള്‍ നല്‍കാനും സമ്മതിക്കുന്നില്ല. അവരുടെ ദുരിതം നേരിട്ടു കണ്ടാലേ മനസിലാകൂ. ദന്തഗോപുരങ്ങളിലിരുന്നാണ് നാം സംസാരിക്കുന്നത്. അതില്‍ കാര്യമില്ല. സൗജന്യമായി നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ ഉപയോഗശൂന്യമായിപ്പോകുന്നത് കുറ്റകരമായ അവസ്ഥയാണ്. വെള്ളവും വൈദ്യുതിയുമാണ് വേണ്ടത്.
ഇതെന്തുകൊണ്ടു നല്‍കുന്നില്ല? ദുരിതബാധിതരില്‍ പലരും വാടകവീടുകളിലാണ് കഴിയുന്നത്. മനഃസാക്ഷി മരവിച്ചു പ്രതികരണശേഷി നഷ്ടപ്പെട്ട നിലയിലായിക്കഴിഞ്ഞോ നാം? ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് കളക്ടര്‍ക്ക് മനസിലാകാത്തത്? - ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ആരോപണം സത്യമെങ്കില്‍ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ട ഹൈക്കോടതി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറില്‍നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് കോടതി കളക്ടറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.