നീലേശ്വരം നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു
1336487
Monday, September 18, 2023 1:59 AM IST
നീലേശ്വരം: നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തില്‍. കച്ചേരിക്കടവിലെ നിര്‍ദിഷ്ട പാലം കടന്ന് നഗരത്തിലേക്കുള്ള വഴിയിലാണ് എട്ടുകോടി രൂപ ചെലവില്‍ പുതിയ നഗരസഭാ കാര്യാലയ സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
ഇനി തറയില്‍ ടൈല്‍സ് പാകുന്ന ജോലികളും ലിഫ്റ്റ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന ജോലിയും മാത്രമാണ് കാര്യമായി അവശേഷിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗ് പ്രവൃത്തികളും കസേരകളും മേശകളുമടക്കമുള്ള സംവിധാനങ്ങളും ഒരുക്കാന്‍ റബ്കോയ്ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന ജോലികള്‍ സാമാന്യം വേഗത്തില്‍ നീങ്ങിയാല്‍ മൂന്നു മാസത്തിനകം ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ബസ് സ്റ്റാന്‍ഡ് കെട്ടിടവും കച്ചേരിക്കടവ് പാലവും രാജാ റോഡ് നവീകരണവുമടക്കം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന നിരവധി പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലുണ്ടെങ്കിലും ഒന്നും മുന്നോട്ടുനീങ്ങുന്നില്ലെന്ന പരാതി ഏറെക്കാലമായി ഉള്ളതാണ്. ഇക്കൂട്ടത്തില്‍ ആദ്യമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയാകും നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം.
ഒരു വ്യാഴവട്ടം മുമ്പ് നഗരസഭ രൂപീകൃതമായ കാലംമുതല്‍ തന്നെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നതാണ്. മെയിന്‍ ബസാറിനോടു ചേര്‍ന്നുള്ള നിലവിലുള്ള കെട്ടിടം നീലേശ്വരം പഞ്ചായത്തായിരുന്ന കാലത്തുതന്നെ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നിലയിലായിരുന്നു.
പുതിയ കെട്ടിടം തുറക്കുന്നതോടെ നഗരസഭയ്ക്കു കീഴിലെ എല്ലാ ഓഫീസുകളും ഇതിലേക്ക് മാറും. 300 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും 100 പേര്‍ക്ക് ഇരിക്കാവുന്ന സമ്മേളന ഹാളും പുതിയ കെട്ടിടത്തില്‍ സജ്ജമാകുന്നുണ്ട്. നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കുന്നതിനും വാഹന പാര്‍ക്കിംഗിനും വിപുലമായ സംവിധാനങ്ങളൊരുക്കും.