‘അരിപ്രാണി'യെക്കുറിച്ച് പഠിക്കാന്‍ വിദ്യാര്‍ഥികളെത്തി
1301321
Friday, June 9, 2023 1:11 AM IST
കാസര്‍ഗോഡ്: കേളുഗുഡ്ഡെയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അരിച്ചാക്കുകള്‍ക്കിടയില്‍ മുട്ടയിട്ടു പെരുകി സമീപപ്രദേശങ്ങളിലാകെ അലോസരം സൃഷ്ടിക്കുന്ന പ്രാണികളെ കുറിച്ച് പഠിക്കാന്‍ കാസര്‍ഗോഡ് ഗവ. കോളജിലെ സുവോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമെത്തി.
അസി.പ്രഫസര്‍ ഡോ.കെ.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം ഗോഡൗണിലെത്തി പ്രാണികളെ നിരീക്ഷിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി.
ഓട്ടുറുമയുമായി സാദൃശ്യമുള്ള പ്രാണികളുടെ ശല്യം മൂലം ചെറിയ കുട്ടികളില്‍ അലര്‍ജിയും രോഗലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. കൈയിലും കഴുത്തിലുമുള്‍പ്പെടെ ചുവന്നു തടിച്ച പാടുകളും ചൊറിച്ചിലുമായി നിരവധി കുട്ടികള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
നഗരസഭാ പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമായതിനാല്‍ കീടനാശിനി തളിക്കാനാകാത്ത സാഹചര്യമാണെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
ഈ മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ രണ്ടു ദിവസത്തിനകം റേഷന്‍ കടകളിലേക്ക് കൊടുത്തുതീര്‍ത്ത ശേഷം പുതിയ സ്റ്റോക്ക് എടുക്കാതെ ഏതാനും ദിവസത്തേക്ക് ഗോഡൗണ്‍ അടച്ചിടാനാണ് തീരുമാനം. ഇതിനുള്ളില്‍ പ്രാണികളെ പൂര്‍ണമായും നശിപ്പിച്ച് ഗോഡൗണ്‍ ശുചീകരിക്കും. പ്രാണികള്‍ അകത്തുകടന്ന അരിച്ചാക്കുകളും ആട്ടയും വിതരണം ചെയ്യാതെ പ്രത്യേകം മാറ്റിവയ്ക്കാന്‍ റേഷന്‍ കടയുടമകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.