പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണം: ജില്ലാ വികസന സമിതി
1300295
Monday, June 5, 2023 12:45 AM IST
കാസര്‍ഗോഡ്: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സീറ്റ് വര്‍ധനവ് കൂടാതെ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള സ്കൂളുകളില്‍ അധിക ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, എ.കെ.എം.അഷറഫ് എംഎല്‍എ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് ജൂണ്‍ അവസാന വാരത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ടാറ്റ ട്രസ്റ്റ് ഗവണ്മെന്റ് ആശുപത്രിയുടെ ഭൂമി കൈമാറ്റം പ്രൊപ്പോസല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ എല്‍ആര്‍ അറിയിച്ചു.
എടപ്പറമ്പ കോളിച്ചാല്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനായി വനം വകുപ്പിന് നഷ്ടമാകുന്ന ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കുന്നതിന് ഭീമനടി വില്ലേജിലെ കമ്മാടംകാവിന്റെ ഭൂമിയുടെ രേഖകള്‍ വനം വകുപ്പിന്റെ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റോഡ് നിര്‍മാണത്തിനുള്ള സാങ്കേതികതടസങ്ങള് നീക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. പെരിയ-ഒടയഞ്ചാല്‍ റോഡില്‍ കല്യോട്ട് റോഡ് വികസനത്തിന് തടസമായുള്ള കയ്യേറ്റങ്ങള്‍ പത്തിനകം ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ സമയബന്ധിതമായി തന്നെ നടപ്പാക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 15നു യോഗം ചേരാന്‍ തീരുമാനിച്ചു.
കര്‍ണാടകയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ആര്‍ടിസി ഏര്‍പ്പെടുത്തിയ യാത്രാ കണ്സഷന് കെഎസ്ആര്‍ടിസിയുടെ ഭരണസമിതി വിലയിരുത്തുകയും കാസര്‍ഗോഡ്-മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി സീസണ് ടിക്കറ്റ് മാതൃകയില്‍ 30 ശതമാനം നിരക്കിളവില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുന്നതിന് തീരുമാനിച്ചതായി കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു. 30 ശതമാനം എന്നത് 50 ശതമാനമായി ഉയര്‍ത്തണമെന്ന് എ.കെ.എം.അഷറഫ് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലേക്കുള്ള ഏല്ക്കാനം-പള്ളം-പജ്ജാനം റോഡിന് അനുവദിച്ച അധിക പ്രവൃത്തി മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ബദിയടുക്കയിലെ കുഞ്ചാറില്‍ പാലം പഴക്കം ചെന്ന് നശിച്ചതായും തുടര്‍ന്ന് കവുങ്ങ് പാലത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോകുന്നതെന്നും എൻ.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. അപകട സാധ്യതയുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ പാലം നിര്‍മിച്ച് നല്‍കണമെന്ന് എംഎല്‍എ പറഞ്ഞു.
കോളിച്ചാൽ-ചെറുപുഴ മലയോര ഹൈവേയില്‍ കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു പോയ കാറ്റാംകവല ഭാഗം കാലവര്‍ഷത്തിന് മുന്‍പേ അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അതീവ അപകടാവസ്ഥയിലുള്ള പരപ്പച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരി പുനഃസ്ഥാപിക്കണമെന്നും കാലവര്ഷത്തോടടുക്കുമ്പോള് ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡുകളിലുണ്ടായ കുണ്ടും കുഴികളും നികത്തണമെന്നും അല്ലെങ്കില്‍ വലിയ വെള്ളക്കെട്ടുകള്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും എംഎല്‍എ പറഞ്ഞു. ചീമേനി പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ, എംആര്‍എസ് ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവ പ്രശ്നങ്ങള്‍ തീര്‍പ്പാക്കി വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും എംഎല്‍എ അറിയിച്ചു.
ആദിവാസി പഠനഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി അനുവദിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണമെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ആവശ്യപ്പെട്ടു. കാട്ടുകുക്കെ മുതല്‍ കരിന്തളം വരെ 400 കെവി ലൈന്‍ വലിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ വീടുകള്‍ ഒഴിയേണ്ടുന്ന സാഹചര്യം പരിഗണിച്ച് ഉടുപ്പി-കാസര്‍ഗോഡ് 400 കെ.വി ലൈന്‍ നിര്‍മ്മാണത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും എംഎല്‍എ പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന് വന്നിട്ടും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയില്‍ മാംസ സംഭരണ യൂണിറ്റ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ സ്പെഷല്‍ സര്‍വേ ടീമിനെ നിയോഗിക്കാനുള്ള നടപടി സ്വീകരിക്കുവാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.