ഡോ.എ.ജെ.റെജിന അനുസ്മരണവും അവാര്‍ഡ് ദാനവും ഇന്ന്
1299650
Saturday, June 3, 2023 12:55 AM IST
കാഞ്ഞങ്ങാട്: നെഹ്റു കോളജ് ഫിസിക്സ് വിഭാഗം അധ്യാപികയും ഗവേഷകയുമായിരിക്കേ അകാലത്തില്‍ പൊലിഞ്ഞ ഡോ.എ.ജെ.റെജിനയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡോ.എ.ജെ.റെജിന മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും നെഹ്റു കോളജും സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഇന്നു കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ 6.15 ന് ദേവാലയത്തിലും വീട്ടിലും നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ശേഷം 10 ന് ജില്ലാ ആശുപത്രിയില്‍ സമൂഹ രക്തദാനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വ്യാപാരഭവനില്‍ അര്‍ബുദവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ.റെജിനയുടെ മകള്‍ ഡോ.ശീതള്‍ അനുപമ ടിറ്റോ ക്ലാസെടുക്കും. അനുസ്മരണ യോഗം ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോൺ.മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.റെജിനയുടെ പേരിലുള്ള അവാര്‍ഡ് നന്മമരം കാഞ്ഞങ്ങാടിന് നഗരസഭാധ്യക്ഷ കെ.വി.സുജാത സമ്മാനിക്കും. നിര്‍ധനര്‍ക്കുള്ള വസ്ത്രകിറ്റ് വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ.ടിറ്റോ ജോസഫ് അറിയിച്ചു.