പൊതുമരാമത്ത് മന്ത്രി കണ്ടറിയണം, ഈ റോഡുകള്‍
1299180
Thursday, June 1, 2023 1:06 AM IST
വെള്ളരിക്കുണ്ട്: വികസനനേട്ടങ്ങള്‍ എടുത്തുകാണിക്കാനും പ്രശ്നങ്ങളും പരാതികളും കേള്‍ക്കാനുമായി ഇന്നു മലയോരത്തെത്തുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആദ്യം കണ്ടറിയേണ്ടത് ഇവിടുത്തെ റോഡുകളുടെ അവസ്ഥയാണ്.
നവീകരണ പ്രവൃത്തികള്‍ക്കായി നേരത്തേയുണ്ടായിരുന്ന റോഡുകളെ ഇളക്കിമറിച്ചിട്ടും ഇടിച്ചുതാഴ്ത്തിയും മണ്ണിട്ടുയര്ത്തിയുമൊക്കെ വച്ചിട്ട് മൂന്നും നാലും വര്‍ഷങ്ങളായി. വാഹനഗതാഗതം പോയിട്ട് കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയിലാണ് മലയോരത്തിന്റെ ജീവനാഡികളായ പാലാവയല്-ഓടക്കൊല്ലി, ചിറ്റാരിക്കാൽ-ഭീമനടി റോഡുകളുടെ പല ഭാഗങ്ങളും.
ഇനി മഴക്കാലം തുടങ്ങിയാല്‍ പിന്നെ പറയുകയേ വേണ്ട. ദീര്‍ഘദൂര ബസ്സുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുന്ന റോഡുകള്‍ ചെളിക്കുളങ്ങളായി മാറും. കഴിഞ്ഞവര്‍ഷം പലതവണ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചതാണ്. വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് ഈ വര്‍ഷമെങ്കിലും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയാവുകയാണ്. കരാറുകാര്‍ക്ക് കാലാവധി നീട്ടിനല്കുന്നതല്ലാതെ പ്രവൃത്തികള്‍ ഇനി എന്നേക്ക് പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.
പലയിടങ്ങളിലും എത്രയോ മാസങ്ങളായിട്ടും പൂര്‍ത്തിയാകാത്ത കലുങ്ക് നിര്‍മാണത്തിനും മറ്റുമായി റോഡ് ഇളക്കിമറിച്ചും മണ്ണും മെറ്റലുമടക്കം റോഡില്‍ കൂട്ടിയിട്ടും വച്ചിരിക്കുന്ന അവസ്ഥയാണ്. പാര്‍ശ്വഭിത്തികളുടെ നിര്‍മാണവും എങ്ങുമെത്താതെ നിൽക്കുന്നു. റോഡിനായി ആദ്യഘട്ടത്തില്‍ അനുവദിച്ച ഫണ്ടും പ്രവൃത്തിയുമെല്ലാം ചെറുവത്തൂർ-ചീമേനി ഭാഗത്തുമാത്രം കേന്ദ്രീകരിച്ചത് മലയോരമേഖലയോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമാണ്.
10 കിലോമീറ്റര്‍ വരുന്ന ഭീമനടി-ചിറ്റാരിക്കാല്‍ റോഡില്‍ രണ്ടുകിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇതുവരെ ഒരു ലെയറെങ്കിലും ടാറിംഗ് നടത്തിയത്.മലയോരഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാൽ, കോളിച്ചാല്‍-ചെറുപുഴ റീച്ചുകളില്‍ ഏറെക്കാലം അഴിയാക്കുരുക്കായി നിന്ന വനഭൂമി വിട്ടുകിട്ടിയിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.
നിര്‍മാണസാമഗ്രികളുടെ വിലയും ജിഎസ്ടിയും മറ്റു ചെലവുകളുമെല്ലാം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നതിന് അടങ്കല്‍ തുക വര്‍ധിപ്പിച്ചു നല്‍കണമെന്ന ആവശ്യമാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉന്നയിക്കുന്നത്.
മരുതോം, കാറ്റാംകവല വനമേഖലകളില്‍ റോഡ് നിര്‍മാണത്തിനാവശ്യമായ വനഭൂമി അളന്നു കൈമാറുകയും അതിലെ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്ന പ്രവൃത്തി മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്. ഈ ഭാഗങ്ങളില്‍ റോഡ് പാടേ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
മലയോരഹൈവേയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ തീര്‍ത്തും വീതികുറഞ്ഞ തകര്‍ന്ന റോഡിലും കയറ്റത്തിലും ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് കഴിഞ്ഞ മഴക്കാലത്ത് നിത്യസംഭവമായിരുന്നു. പലതവണ അപകടങ്ങളും സംഭവിച്ചു. ഇത്തവണത്തെ മഴക്കാലത്തും ഈ സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്ന നിലയാണ്.മലയോരഹൈവേയിലെ അപകടമേഖലയെന്ന പേരുദോഷം കേട്ട കാറ്റാംകവല കയറ്റത്തില്‍ ഹൈവേയുടെ ഒരു ഭാഗവും പാര്‍ശ്വഭിത്തിയും നൂറടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുവീണതും ഇനിയും ശരിയാക്കിയിട്ടില്ല. അറ്റകുറ്റപണികള്‍ക്കായി ടെന്‍ഡര്‍ വിളിച്ചതു മാത്രമാണ് ആശ്വാസം. സംസ്ഥാനപാതയുടെ ഭാഗമായ പൂടംകല്ല്-ചിറങ്കടവ് റോഡിന്റെ കാര്യത്തിലും പൊതുമരാമത്ത് മന്ത്രിയുള്‍പ്പെടെ പലതവണ നല്കിയ ഉറപ്പുകള്‍ പാഴ് വാക്കായി. പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോഴും പല ഭാഗങ്ങളിലും പൊടിയും ചെളിയും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് കഴിഞ്ഞവര്‍ഷം റോഡിനായി സത്യാഗ്രഹം നടത്തിയ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാർ. രണ്ടുതവണ കരാര്‍ റദ്ദാക്കിയ നീലേശ്വരം-ഇടത്തോട് റോഡ് നിര്‍മാണത്തിലെ അപാകതകളും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതും മൂലം അപകടമേഖലയാവുകയാണ്.