നീലേശ്വരം-ഇടത്തോട് റോഡ്: കരാറുകാരനെ വീണ്ടും നീക്കാന്‍ തീരുമാനം
1298885
Wednesday, May 31, 2023 5:23 AM IST
കാഞ്ഞങ്ങാട്: മെല്ലെപ്പോക്കും കെടുകാര്യസ്ഥതയുംകൊണ്ട് നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന നീലേശ്വരം-ഇടത്തോട് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനെ വീണ്ടും നീക്കാന്‍ തീരുമാനം. കാഞ്ഞങ്ങാട്ട് നടന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.രാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നടപടി. കരാറുകാരനെ അടിയന്തിരമായി നീക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
കിഫ്ബി ഫണ്ടില്‍ നിന്ന് 42.1 കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന റോഡ് നവീകരണത്തിന്റെ കരാര്‍ 2019 മാര്‍ച്ച് എട്ടിനാണ് മൊയ്തീന്‍കുട്ടി ഹാജിക്ക് കൈമാറിയത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച പ്രവൃത്തികള്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. ഒന്നാംഘട്ട ടാറിംഗ് പോലും എല്ലായിടങ്ങളിലും നടന്നിട്ടില്ല. രണ്ടാംഘട്ട ടാറിംഗും ഓവുചാലുകളും സുരക്ഷാസംവിധാനങ്ങളുമുള്പ്പെടെ പൂര്‍ത്തിയാകാനിരിക്കുന്നു.
മൂന്നുതവണ കരാറുകാരന് സമയം നീട്ടിനല്‍കിയിട്ടും ആകെ പ്രവൃത്തിയുടെ 38 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഒടുവില്‍ മാസങ്ങള്‍ക്കു മുമ്പ് എം.രാജഗോപാലന്‍ എംഎല്‍എയുടെ
സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന കിഫ്ബിയുടെ ഉന്നതതലയോഗം കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ കരാറുകാരന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അത് പിന്‍വലിച്ച് പണി തുടരാന്‍ അനുവദിക്കുകയായിരുന്നു. അന്ന് കിളച്ചുമറിച്ചിട്ടിരുന്ന താലൂക്ക് ആശുപത്രി മുതല്‍ മൂന്നാംകുറ്റി വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് നടത്തിയതിനുശേഷം കരാറുകാരന് വീണ്ടും പണി നിര്‍ത്തി.
ഇതുവരെ ചെയ്ത പ്രവൃത്തികളുടെ ബില്‍ മാറിക്കിട്ടിയതിനു ശേഷം മാത്രമേ ഇനി പണി തുടരാനാകൂ എന്നായിരുന്നു പുതിയ നിലപാട്. കരാര്‍ വീണ്ടും റദ്ദാക്കിയതോടെ ഇതുവരെ സംഭവിച്ച നഷ്ടം കരാറുകാരന്റെ അക്കൗണ്ടില്‍നിന്ന് ഈടാക്കിയതിനുശേഷം മാത്രമേ ഇനി ബില്ലുകള്‍ പാസാക്കി നല്‍കാനിടയുള്ളൂ.