പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം-ബേളൂര്‍
1298554
Tuesday, May 30, 2023 1:25 AM IST
ഒടയംചാൽ: പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം-ബേളൂരിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പ്രഖ്യാപിച്ചു. ആര്‍ത്തവ കപ്പിനെ കുറിച്ചുള്ള അവബോധം കഴിഞ്ഞ നാല് മാസമായി പഞ്ചായത്തിലുടനീളം നല്കുന്ന തിരക്കിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും. പഞ്ചായത്തില്‍ ആര്‍ത്തവ കപ്പ് വിതരണത്തിന് നാലു ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്. അങ്കണവാടികള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ക്ലാസുകള്‍ നടത്തി. പഞ്ചായത്തിലെ 103 ആദിവാസി കോളനികളിലും കുടുംബശ്രീ മുഖാന്തിരം കാമ്പയിന് നടത്തി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഫാത്തിമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ലഘുലേഖകള്‍ വിതരണം ചെയ്തും ക്ലാസുകള്‍ നടത്തിയും മാതൃകാ വീഡിയോ പ്രദര്‍ശിപ്പിച്ചും ജനങ്ങളെ ബോധവാന്മാരാക്കി.
പാറക്കല്ലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് പി.ദാമോദരന്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് രജനി കൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഗോപാല കൃഷ്ണൻ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എൻ.എസ്.ജയശ്രീ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഫാത്തിമ, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി.ഗോപി സ്വാഗതവും ഐസിഡിഎസ് സുപ്പര്‍വൈസര്‍ ആശാലത നന്ദിയും പറഞ്ഞു.