ശു​ചി​മു​റി ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യില്ല; യാത്രക്കാർ ദുരിതത്തിൽ
Tuesday, June 25, 2024 1:05 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യില്ല. ഒ​ന്ന​ര​മാ​സം മു​മ്പ് ആ​രം​ഭി​ച്ച ന​വീ​ക​ര​ണമാണ് ഇ​നി​യും പൂ​ർ​ത്തി​യാ​കാത്തത്.

ഇ​തു​കാ​ര​ണം സ്ത്രീ​ക​ള​ട​ക്കമു​ള്ള യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച സം​വി​ധാ​ന​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​തെ പോ​കു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട്, ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ശ്രീ​ക​ണ്ഠ​പു​രം, കൊ​ട്ടി​യൂ​ർ,പേ​രാ​വൂ​ർ, ഇ​രി​ട്ടി, ക​ണ്ണൂ​ർ, ഇ​രി​ക്കൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ദി​നം​പ്ര​തി നി​ര​വ​ധി യാ​ത്ര​ക്കാ​ർ വ​ന്നെ​ത്തു​ന്ന ബ​സ് സ്റ്റാ​ൻ​ഡാ​ണി​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വ​ല​യു​മ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന പ്ര​വൃ​ത്തി. മു​ന്പും ത​ക​രാ​ർ കാ​ര​ണം ശു​ചി​മു​റി​ക​ൾ അ​ട​ച്ചി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​നി​താ ശു​ചി​മു​റി​ക​ൾ ശു​ചീ​ക​രി​ച്ചി​രു​ന്നു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ വേ​ണം. ന​ട​ത്തി​പ്പി​ന്‍റെ ക​രാ​റും ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും നി​ര​ന്ത​രം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മ്പോ​ഴും തു​റ​ന്നു കൊ​ടു​ക്കാ​തെ ന​വീ​ക​ര​ണം തു​ട​രു​ക​യാ​ണ്. ശു​ചി​മു​റി​ക​ൾ തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ​തി​രേ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി.