ദുരിതപാതയായി കരിങ്കൽക്കുന്ന് റോഡ്
1431194
Monday, June 24, 2024 1:05 AM IST
പയ്യാവൂർ: വെള്ളക്കെട്ടും ചെളിയും കാരണം പതിനാലാം വാർഡിലെ കുന്നേൽകടവ്-കരിങ്കൽക്കുന്ന് റോഡ് കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധമായി. വർഷങ്ങളായി പുഴയിലേക്ക് ഒഴുകിയിരുന്ന ഓവുചാലിലെ ഒഴുക്ക് തടസപ്പെട്ടതാണ് റോഡ് ചെളിക്കുളമാകാൻ കാരണം. സ്വകാര്യവ്യക്തി ഓവുചാൽ മണ്ണിട്ട് നികത്തിയതിനെ തുടർന്നാണ് ഓവുചാലിലെ വെള്ളമൊഴുക്ക് തടസപ്പെട്ടത്.
നാൽപതോളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡിലൂടെ സ്കൂളിലേക്ക് പോകേണ്ട വിദ്യാർഥികളെ ചെളികുളമായ ഭാഗം രക്ഷിതാക്കളാണ് കടത്തി വിടുന്നത്. സ്വകാര്യ വ്യക്തി ഓവുചാൽ മണ്ണിട്ട് ഉയർത്തിയപ്പോൾ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിലെ ചെളിക്കെട്ടിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.