പാ​ലത്തിൽ ഒഴുക്കിൽപ്പെട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര്‍ക്ക് അദ്ഭുത രക്ഷപ്പെടൽ
Friday, June 28, 2024 7:24 AM IST
കു​റ്റി​ക്കോ​ൽ (കാ​സ​ർ​ഗോ​ഡ്): വ​ന​ത്തി​നു​ള്ളി​ൽ കൈ​വ​രി​യി​ല്ലാ​ത്ത പാ​ലം ക​ട​ക്ക​വെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പു​ല്ലൂ​ർ-​പെ​രി​യ അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി അ​ബ്ദു​ൾ റാ​ഷി​ദ് (38), കോ​ടോം-​ബേ​ളൂ​ർ ഏ​ഴാം​മൈ​ൽ സ്വ​ദേ​ശി ത​സ്രി​ഫ് (36) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15ഓ​ടെ പ​ള്ള​ഞ്ചി-​പാ​ണ്ടി റോ​ഡി​ലെ വെ​ള്ള​രി​ക്ക​യ​ത്താ​ണ് സം​ഭ​വം.

ക​ർ​ണാ​ട​ക​യി​ലെ ഉ​പ്പി​ന​ങ്ങാ​ടി​യി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള ബ​ന്ധു​വി​നെ കാ​ണാ​നാ​യി അ​മ്പ​ല​ത്ത​റ പാ​റ​പ്പ​ള്ളി​യി​ൽ നി​ന്ന് മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും. ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​യി​രു​ന്നു യാ​ത്ര. ക​ന​ത്ത മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ പാ​ലം ക​വി​ഞ്ഞ് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​ലം ക​യ​റി വൈ​കാ​തെ ത​ന്നെ കാ​ർ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ 600 മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യി. പി​ന്നീ​ട് കാ​ർ ഒ​രു മ​ര​ത്തി​ൽ ത​ങ്ങി​നി​ന്ന​ത് ര​ക്ഷ​യാ​യി.

കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ റാ​ഷി​ദും ത​സ്രീ​ഫും ത​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​രെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വി​വ​ര​മ​റി​യി​ച്ചു. ആ​ദൂ​ർ പോ​ലീ​സും കു​റ്റി​ക്കോ​ൽ ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്. പി​ന്നീ​ട് കാ​റും ക​ര​യ്ക്കെ​ത്തി​ച്ചു. പാ​ല​ത്തി​ന് കൈ​വ​രി നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ബൈ​ക്കും ഈ ​ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണംവി​ട്ട് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടി​രു​ന്നു.