ചാവശേരി-വെളിയമ്പ്ര റോഡ് ചെളിക്കുളമായി
1431208
Monday, June 24, 2024 1:05 AM IST
മട്ടന്നൂർ: ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ചാവശേരി-വെളിയമ്പ്ര റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പിടാൻ റോഡരിക് കീറിയതാണ് റോഡ് ചെളിക്കുളമാകാൻ കാരണമായത്. ജലനിധി പദ്ധതിയുടെ പൈപ്പിടാൻ മാസങ്ങൾക്ക് മുമ്പാണ് റോഡരിക് കീറിയത്.
ചാവശേരി പറമ്പിൽ നിന്നും ചാവശേരി ടൗൺ വഴി മാലൂരിലേക്ക് പൈപ്പ് വലിക്കുന്നതിനാണ് റോഡരിക് കീറിയത്. പൈപ്പിടുന്നതിന് ജെസിബി ഉപയോഗിച്ച് റോഡരികിൽ കുഴിയെടുക്കുകയും പൈപ്പ് സ്ഥാപിക്കുകയും ചെയ്തു. പൈപ്പിട്ടതിന് ശേഷം ആവശ്യത്തിന് മണ്ണ് കുഴിയിൽ ഇടാതെ വന്നതോടെ റോഡരികിൽ വൻ കുഴികളുണ്ടാകുകയും വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെയായി. മഴക്കാലമായതോടെ റോഡ് കൂടുതൽ പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമാകുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്തു.
കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ മഴവെള്ളം ഒഴുകാൻ റോഡിനടിയിൽ സ്ഥാപിച്ച പൈപ്പ് മുറിച്ച് മാറ്റിയത് ജനങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇവിടെ കുഴിയെടുത്തെങ്കിലും മുറിച്ച് മാറ്റിയ പൈപ്പിന് പകരം സംവിധാനം ഒരുക്കാത്തതിനാൽ റോഡിലെടുത്ത കുഴി മൂടാതെ വച്ചിരിക്കുകയാണ്.
നിരവധി തവണ വാട്ടർ അഥോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരിഹാരമുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ഉൾപ്പെടെ നിത്യവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ചെട്ടിക്കുളമായത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങൾ ഇതു വഴി കടന്നു പോകാൻ മടിക്കുകയാണ്.