അതിരപ്പള്ളിയിലെ റിസോർട്ടിൽ ആലക്കോട് സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ
1431185
Sunday, June 23, 2024 11:52 PM IST
ആലക്കോട്: അതിരപ്പള്ളിയിലെ കണ്ണൻകുഴിയിലെ റിസോർട്ടിൽ ആലക്കോട് സ്വദേശനിയായ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് പൂവഞ്ചാലിലെ മല്ലിയോടൻ രവീന്ദ്രൻ-വിജയമ്മ ദന്പതികളുടെ മകൾ ഐശ്വര്യയെ (19) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച താമസിക്കുന്ന മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്ച ഐശ്വര്യ ജോലിക്ക് പോയിരുന്നില്ലെന്ന് പറയുന്നു. കൂടെ ജോലി ചെയ്തിരുന്നവർ ഐശ്വര്യയുടെ മുറിയിൽ വന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ 19നാണ് ഐശ്വര്യ റിസോർട്ടിൽ ജോലിക്കായി ചേർന്നത്. ഐശ്വര്യയുടെ മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു.
അതിരപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം രാവില ഒൻപതോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അനഘ, അർച്ചന എന്നിവർ സഹോദരിമാരാണ്. ഐശ്വര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.