ആലകൾ അരങ്ങൊഴിയുന്നു
1601780
Wednesday, October 22, 2025 5:57 AM IST
സുൽത്താൻ ബത്തേരി: ഒരുകാലത്ത് ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും കണ്ടുവന്നിരുന്ന ആലകൾ ഇന്ന് വിരലിലെണ്ണാവുന്നതായി മാറി. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വേതനം ലഭിക്കാത്തത് ഈ മേഖലയെ പ്രതിസന്ധിയിലാക്കി.
കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് കൂലി ആയി ലഭിക്കുക. കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂന്പ, മണ്‍വെട്ടി, മഴു, താഴുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്.
കാർഷികോപകരണങ്ങളായ കലപ്പയും ഇരുന്പ് ഉപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലയിൽ നിർമിക്കുന്നതിനാൽ ആലകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കാടുവെട്ട് യന്ത്രം, ട്രില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു.
വരുമാനം തീരെ കുറവായതോടെ പുതു തലമുറ പരന്പരാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു. പഴയ തലമുറയിലെ പ്രായം ചെന്നവർ മാത്രമാണ് ഇന്ന് ആലകളിൽ പണിക്ക് സജീവമായിട്ടുള്ളൂ. വരും മാസങ്ങളിൽ കൊയ്ത്തുകാലം ആകുന്പോഴേക്കും കൂടുതൽ തൊഴിൽസാധ്യതകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ.