ജില്ലാ വായനോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ കെ.വി. വേദിക് വിജയിന് ഒന്നാം സ്ഥാനം
1601778
Wednesday, October 22, 2025 5:57 AM IST
കൽപ്പറ്റ: സംസ്ഥാന ലൈബ്രറി കൗണ്‍സിൽ നടത്തുന്ന അഖിലകേരള വായനോത്സവത്തിന്റെ ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ കെ.വി. വേദിക് വിജയ് ഒന്നാം സ്ഥാനം നേടി.
കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസിലെ എസ്. ദീപ്തി ശ്രേയ, പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.ആർ. ഉജ്വൽ കൃഷ്ണ എന്നിവർക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം.
16 വയസ് മുതൽ 25 വയസുവരെയുള്ള മുതിർന്നവരുടെ ഒന്നാം വിഭാഗത്തിൽ പടിഞ്ഞാറത്തറ പ്രസര ലൈബ്രറിയിലെ സുധിൻ സുരേന്ദ്രൻ ഒന്നും ബത്തേരി പബ്ലിക് ലൈബ്രറിയിലെ ഐശ്വര്യ പ്രകാശൻ രണ്ടും തെക്കുംതറ യുവജന ഗ്രന്ഥശാലയിലെ സി.സി. വിഷ്ണുപ്രിയ മൂന്നും സ്ഥാനം നേടി. മുതിർന്നവരുടെ രണ്ടാം വിഭാഗത്തിൽ നെല്ലിയന്പം ദേശീയ വായനശാലയിലെ റുബീന മുജീബ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയിലെ വി.എസ്. സൂര്യപ്രഭയ്ക്കാണ് രണ്ടാം സ്ഥാനം. മാടക്കുന്ന് ഉദയ ലൈബ്രറിയിലെ സി. ജിനീഷ് മൂന്നമതെത്തി. വിജയികൾക്ക് ജില്ലാ ലൈബ്രറി കൗണ്‍സിൽ കാഷ് അവാർഡ് നൽകും.
ഡിസംബറിൽ കൊല്ലത്തു നടക്കുന്ന സംസ്ഥാന വായനോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും മുതിർന്നവരുടെ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരും പങ്കെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ അറിയിച്ചു.