സ്വകാര്യ ബസ് പണിമുടക്ക് പൂർണം; കെഎസ്ആർടിസി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ യാത്രക്കാർ വലഞ്ഞു
1574311
Wednesday, July 9, 2025 6:01 AM IST
സുൽത്താൻ ബത്തേരി: അശാസ്ത്രീയ ഗതാഗതനയം തിരുത്തുക, കണ്സഷൻ അർഹതയുള്ള വിദ്യാർഥികൾക്കുമാത്രമായി പരിമിതപ്പെടുത്തുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമാക്കുക, കാലങ്ങളായി ദീർഘദൂര സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് യഥാസമയം പുതുക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചെലാൻ വഴി പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ജില്ലയിൽ പൂർണം.
ജില്ലയിലെ 400 ഓളം സ്വകാര്യ ബസുകളിൽ ഒന്നുപോലും നിരത്തിൽ ഇറങ്ങിയില്ല. ഇത് കെഎസ്ആർടിസി സർവീസ് ഇല്ലാത്ത മേഖലകളിൽ യാത്രക്കാരെ വലച്ചു. കഐസ്ആർടിസി ജില്ലയിൽ 14 ബസുകൾ കൂടുതൽ ഓടിച്ചു. ബത്തേരി ഡിപ്പോയിൽനിന്നു പത്തും മാനന്തവാടിയിൽനിന്നു മൂന്നും കൽപ്പറ്റയിൽനിന്ന് ഒന്നും ബസുകളാണ് അധികം സർവീസ് നടത്തിയത്. വിദ്യാലയങ്ങളിൽ കുട്ടികളുടെ ഹാജർ നില കുറവായിരുന്നു.
സമരത്തിന്റെ ഭാഗമായി സ്വകാര്യ ബസുടമകളും തൊഴിലാളികളും നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പുതിയ സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച പ്രകടനം പഴയ സ്റ്റാൻഡിൽ സമാപിച്ചു. സി.എ. മാത്യു ടി.എൻ. സുരേന്ദ്രൻ, ബ്രിജേഷ് കെ. തോമസ്, പി.കെ. പ്രേമൻ തുടങ്ങിയവർ നേതൃത്വം നൽകി.
പൊതുയോഗം യോഗം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രൻജിത്ത് റാം, ബസ് തൊഴിലാളി പ്രതിനിധികളായ സുബിൻ വടക്കനാട്, ഷമീർ മക്കിയാട്, ശ്യാംജിത്ത് എന്നിവർ പ്രസംഗിച്ചു.