ജൂലൈ 30ന് ചക്രസ്തംഭനസമരം ; പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണം: യുഡിഎഫ്
1574113
Tuesday, July 8, 2025 8:01 AM IST
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയിൽ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി വേണമെന്നും യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ഉരുൾപൊട്ടി ഒരു വർഷമായിട്ടും മുണ്ടക്കൈ ദുരന്തബാധിതർക്ക് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച്് ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനമായ ജൂലൈ 30ന് ചക്രസ്തംഭന സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും നീട്ടി നീട്ടിക്കൊണ്ടുപോയി അവസാനം ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട എൽസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ അവ്യക്തത തുടരുകയാണെന്നും സാങ്കേതികത്വവും അവ്യക്തതകളും അവസാനിപ്പിച്ച് ദുരന്തബാധിതർക്ക് നീതി നൽകാൻ അടിയന്തര നടപടി വേണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.
ഒരു വർഷമായിട്ടും ഒരു വീടു പോലും ദുരന്തബാധിതർക്ക് നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് ക്രൂരവും പ്രതിഷേധാർഹവുമാണ്. പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ച് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഗൗരവവും മനസിലാക്കി പോയിട്ടും കേരളം ആവശ്യപ്പെട്ട ദുരന്താനന്തര സഹായങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) റിപ്പോർട്ട് വന്നിട്ടും ദുരന്തബാധിതരെ അവഗണിച്ചു പോകുന്ന കേന്ദ്രസർക്കാരിന്റെ നിലപാടും മുണ്ടക്കൈ ദുരന്തബാധിതരുടെ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിരന്തരം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ല എന്നുള്ളതും ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11,1 3, 14 തീയതികളിൽ പഞ്ചായത്ത് യുഡിഎഫ് യോഗങ്ങൾ വിളിക്കാനും തീരുമാനിച്ചു.