നിപ്പ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
1574308
Wednesday, July 9, 2025 6:01 AM IST
കൽപ്പറ്റ: മലപ്പുറം ജില്ലയിലും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി. മോഹൻദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് മുൻ വർഷത്തിൽ നടത്തിയ സാംപിൾ പരിശോധനയിൽ നിപ്പ വൈറസിനെതിരെയുള്ള ആന്റി ബോഡികൾ കണ്ടെത്തിയിരുന്നു. നിലവിൽ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ്പ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.
ജില്ലയിലെ ആരോഗ്യ മേഖല നിപ്പ വൈറസിനെതിരേ പകർച്ചവ്യാധി സർവയലൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. രോഗസാധ്യത ലക്ഷണങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കി പൊതുജന പങ്കാളിത്തത്തോടെ ജന്തുജന്യ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുകയാണ്. നിപ്പ വൈറസ് പോലുള്ള ജന്തുജന്യ രോഗങ്ങൾക്കെതിരേ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ജാഗ്രതപാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
ജന്തുജന്യ രോഗപ്രതിരോധ നിയന്ത്രണം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ മെഡിക്കൽ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർക്കായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു.
ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ പകർച്ചവ്യാധികളുടെ സർവയലൻസ്, സാമൂഹിക പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ശീലമാറ്റ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, ഏകാരോഗ്യ സമീപനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
എലിപ്പനി, കുരങ്ങുപനി, നിപ്പ തുടങ്ങിയ ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പരിശീലനത്തിൽ പ്രാധാന്യം നൽകി. തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ.പി. ദിനീഷ് പരിശീലനത്തിന് നേതൃത്വം നൽകി.
സംസ്ഥാന ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വി. ജിതേഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്, ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ, എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.എ. ഇന്ദു,
ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
നിപ്പ ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ടവേദന, പേശീവേദന, ചുമ, ശ്വാസതടസം, ക്ഷീണം, ഛർദ്ദി, തളർച്ച, കാഴ്ച മങ്ങൽ, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്, ഇത്തരം രോഗലക്ഷണങ്ങളുള്ളവർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവർ, അടുത്തിടപഴകുന്നവർ എൻ 95 മാസ്ക്, കൈയ്യുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകണം. രോഗീ സന്ദർശനം, പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കണം. മുറി, വ്യക്തിഗത സാധനങ്ങൾ എന്നിവ അണുനാശിനി ഉപയോഗിച്ച് കഴുകുക.
ശ്രദ്ധിക്കേണ്ടത് ഏന്തെല്ലാം
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ, പച്ചക്കറികൾ ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകൾ തൊടാൻ സാധ്യതയുള്ള വസ്തുക്കൾ എടുക്കുന്പോൾ കൈയ്യുറ ഉപയോഗിക്കുക.
തുറന്നുവച്ച കലങ്ങളിൽ സൂക്ഷിക്കുന്ന കള്ള്, പാനീയങ്ങൾ എന്നിവ ഉപയോഗിക്കരുത്. വവ്വാലുകളെ ഉപദ്രവിക്കുകയോ അവയുടെ ആവാസ വ്യവസ്ഥയിൽ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. ഭയചകിതരാവുന്ന വവ്വാലുകൾ കൂടുതൽ ശരീര സ്രവങ്ങൾ ഉത്പാദിപ്പിക്കാൻ കാരണമാവുകയും നിപ്പ രോഗസാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ട്.
വ്യക്തി ഭക്ഷണ ശുചിത്വം, പകർച്ചവ്യാധി സാധ്യതകൾ ഒഴിവാക്കാനുള്ള സൂക്ഷ്മതയുമാണ് നിപ വൈറസ് തടയാനുള്ള മാർഗങ്ങൾ. പൊതുജനങ്ങൾ തെറ്റായ വാർത്തകളും പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് സഹായങ്ങൾക്കും സംശയങ്ങൾക്കും തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈൻ നന്പറുകളിലോ 104, 1056, 0471 2552056 ബന്ധപ്പെടണം.