താന്നിത്തെരുവ് ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന് ആവശ്യം
1574109
Tuesday, July 8, 2025 8:00 AM IST
പുൽപ്പള്ളി: താന്നിത്തെരുവ് ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കമെന്ന ആവശ്യം ശക്തമാകുന്നു. വാഹനത്തിരക്കേറിയ വിവിധ റോഡുകളുടെ സംഗമസ്ഥലമായ താന്നിത്തെരുവ് ജംഗ്ഷനിൽ അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
പഴശിരാജാ കോളജ്, എസ്എൻ കോളജ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൃപാലയ സ്പെഷൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താന്നിത്തെരുവിനു സമീപമാണ് പ്രവർത്തിക്കുന്നത്. ട്രാഫിക് ഐലൻഡ് സ്ഥാപിച്ചാൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും. നവീകരണം നടന്ന പയ്യന്പള്ളി-പുൽപ്പള്ളി-കാപ്പിസെറ്റ് റോഡിലാണ് താന്നിത്തെരുവ് ജംഗ്ഷൻ.
മുള്ളൻകൊല്ലി, പെരിക്കല്ലൂർ, മരക്കടവ്, പാടിച്ചിറ, സീതാമൗണ്ട് ഭാഗങ്ങളിൽനിന്നുള്ളവർ പുൽപ്പള്ളി ടൗണിൽ പ്രവേശിക്കാതെ എളുപ്പം ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിൽ എത്താൻ ആശ്രയിക്കുന്ന മുള്ളൻകൊല്ലി-ഷെഡ് റോഡ് കടന്നുപോകുന്നതും താന്നിത്തെരുവിലൂടെയാണ്.
വാഹനത്തിരക്കുമൂലം വിദ്യാർഥികളടക്കം യാത്രക്കാർ താന്നിത്തെരുവ് ജംഗ്ഷൻ മുറിച്ചുകടക്കുന്നത് സാഹസപ്പെട്ടാണ്. ട്രാഫിക് ഐലൻഡ് നിർമിക്കുന്നതിന് പ്രദേശവാസികൾ പലവട്ടം പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല.