കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താൻ മുറവിളി
1573735
Monday, July 7, 2025 5:05 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളായ മൂഴിമല, മരകാവ്, വേലിയന്പം, കാപ്പിക്കുന്ന് പ്രദേശങ്ങളിൽ നിരന്തരം ഇറങ്ങുന്ന കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങൾ പകൽപോലും കാട്ടാനകൾ വിഹാരഭൂമിയാക്കുകയാണ്.
നെയ്ക്കുപ്പ വനത്തിൽനിന്ന് രണ്ട് ആനകളാണ് ദിവസവും മൂഴിമലയിലും സമീപപ്രദേശങ്ങളിലും ഇറങ്ങുന്നത്. വലിയ കൃഷിനാശമാണ് ഇവ വരുത്തുന്നത്. സന്ധ്യമയങ്ങിയാൽ ആളുകൾക്കു സുരക്ഷിതമായി വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പടക്കം പൊട്ടിച്ചാലും ഒച്ചയിട്ടാലും ആനകൾക്ക് കൂസലില്ലെന്നു നാട്ടുകാർ പറയുന്നു. രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. പ്രതിരോധ സംവിധാനങ്ങളിലെ അപര്യാപ്തത ആനകൾക്ക് കാടിറക്കത്തിനു സൗകര്യമാകുകയാണ്.