കായികവിദ്യാഭ്യാസ മേഖലകളിൽ വിദ്യാർഥികൾ മുന്നേറുന്നു: മന്ത്രി ഒ.ആർ. കേളു
1574116
Tuesday, July 8, 2025 8:01 AM IST
കൽപ്പറ്റ: ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർഥികളും കായികവിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള ഗ്രാമീണ്‍ ബാങ്ക് പഠന ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികൾക്ക് ശാരീരികക്ഷമത കൈവരിക്കാൻ കായിക മേഖലയിൽ പൂർണ പിന്തുണയും മാനസികമായ സന്തോഷവും അധ്യാപകർ നൽകണമെന്നും മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് കേരള ഗ്രാമീണ്‍ ബാങ്ക് കാട്ടിക്കുളം ശാഖ പഠന ധനസഹായം വിതരണം ചെയ്തു.
യുപി വിഭാഗം വിദ്യാർഥികൾക്ക് 3000 രൂപയും ഹൈസ്കൂൾ വിഭാഗം വിദ്യാർഥിൾക്ക് 5000 രൂപയുമാണ് നൽകിയത്. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മന്ത്രി ആദരിച്ചു. സ്പെഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ആൽബം റീലീസ് മന്ത്രി നിർവഹിച്ചു.ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ അംഗം എ.എൻ. സുശീല അധ്യക്ഷത വഹിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റുഖിയ സൈനുദ്ദീൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജയരാജൻ, പ്രിൻസിപ്പൽ പി.സി. മഞ്ജു, പ്രധാനാധ്യാപിക പി. സബ്രിയ ബീഗം, പിടിഎ പ്രസിഡന്റ് കെ. സിജിത്ത്, ബിപിസി കെ.കെ. സുരേഷ്, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ടി.കെ. മനോജ്, ടിഇഒ ടി. നജിമുദ്ദീൻ, എസ്എംസി ചെയർമാൻ ടി. സന്തോഷ് കുമാർ, ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.