ജനപ്രതിനിധികൾ നിഷ്ക്രിയത്വം അവസാനിപ്പിക്കണം: കത്തോലിക്കാ കോണ്ഗ്രസ്
1574115
Tuesday, July 8, 2025 8:01 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗശല്യവും കാർഷികോത്പന്നങ്ങളുടെ വിലയിടിവും തെരുവ് നായ്ക്കളുടെ വർധിച്ചുവരുന്ന ആക്രമണവും മനുഷ്യജീവിതം അസാധ്യമാക്കുന്ന വയനാട്ടിലെ ജനങ്ങളോട് യാതൊരുവിധ പരിഗണനയും കാണിക്കാത്ത ജനപ്രതിനിധികളുടെ ജനദ്രോഹ നിലപാടിനെതിരെ കത്തോലിക്ക കോണ്ഗ്രസ് ബത്തേരി മേഖല സമിതി ശക്തമായി പ്രതിഷേധിച്ചു.
നാട്ടിലിറങ്ങുന്ന ആന, കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെയും മനുഷ്യനെപോലും ആക്രമിക്കുന്ന സാഹചര്യത്തിലും ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ നിയമസഭയിലും പാർലമെന്റിലും ശബ്ദമുയർത്താത്ത ഇവരുടെ നിലപാട് തികച്ചും ജനദ്രോഹപരമാണെന്ന് യോഗം വിലയിരുത്തി.
വനയാടിന്റെ മന്ത്രിയും ,എം.പി യും എംഎൽഎമാരും ഒന്നും ചെയ്യുന്നില്ല. ത്രിതല പഞ്ചായത്ത് ഭരണസമിതികളും നിഷ്ക്രിയത്വം തുടരുന്നു. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമര പരിപാടികളും പ്രസ്ഥാവനകളും മാത്രമാകുന്നു. ജനകീയ
പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെടുന്നു.
തോമാട്ടുചാൽ സെൻറ് തോമസ് ദേവാലയത്തിൽ വച്ച് ചേർന്ന ഫൊറോനസമിതി യോഗം ഫാ. ജോസ് മേച്ചേരിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻറ് ഡേവി മാങ്കുഴ അധ്യക്ഷംവഹിച്ചു. ഫാ വിൻസൻറ് കളപ്പുരയിൽ, ശ്രീ ജോണ്സണ് തൊഴുത്തിങ്കൽ, ശ്രീ.തോമസ് പട്ടമന, ശ്രീമതി മോളി മാമൂട്ടിൽ, ശ്രീമതി സ്മിത അടവിച്ചിറ, ശ്രീ രാജു മണക്കുന്നേൽ, ശ്രീ തോമസ് ചേലക്കൽ, ശ്രീ. സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.