കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായി
1574114
Tuesday, July 8, 2025 8:01 AM IST
കൽപ്പറ്റ: പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് കുടിയോംവയലിൽ പൂർത്തീകരിച്ച കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
ജലലഭ്യത ഉറപ്പായതോടെ പ്രദേശത്ത് നഞ്ചയും പുഞ്ചയും കൃഷി ചെയ്യണമെന്നും ഭൂമി തരിശിടാതെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും പാടശേഖരസമിതി പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെ പുരോഗതിക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മന്ത്രി കൃഷി ഓഫീസർക്ക് നിർദേശം നൽകി. പദ്ധതി യാഥാർഥ്യമായതോടെ കൈപ്പാട്ടുക്കുന്ന്, വാളെരികുടിയാം വയൽ പ്രാദേശത്തെ 150 ഏക്കർ വരുന്ന പാടശേഖരത്തിന് ഉപകാരപ്രദമാവും.
നിലവിലുള്ള പന്പ് ഹൗസിന്റെയും കനാലിന്റെ അറ്റകുറ്റപണികൾ, സിസ്റ്റേണ് ടാങ്ക്, 1253 മീറ്റർ പൈപ്പ്ലൈൻ എന്നിവ അടങ്ങുന്ന സിവിൽ പ്രവൃത്തികൾ, 50 എച്ച്പി മോട്ടോറും പന്പും മൂന്ന് എച്ച്പിയുടെ ഒരു വാക്വം പന്പും പന്പ് ഹൗസ് വയറിംഗ്, പാനൽ ബോർഡ് തുടങ്ങിയ ഇലക്ട്രിക്കൽ പ്രവൃത്തികൾ, പദ്ധതിക്ക് ആവശ്യമായ വൈദ്യുതീകരണം തുടങ്ങിയവയാണ് പൂർത്തീകരിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമറ്റം അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ മാനന്തവാടി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സി. സുരേഷ്, മലപ്പുറം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ഷാജഹാൻ കബീർ, ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അരുണ് ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ, കുടിയോംവയൽ സമിതി സെക്രട്ടറി എൽദോ തോമസ്, വാർഡ് അംഗം വി.സി. അജിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.