വിദ്യാർഥികൾ ശാരീരികക്ഷമത മെച്ചപ്പെടുത്തണം: മന്ത്രി ഒ.ആർ. കേളു
1573758
Monday, July 7, 2025 5:40 AM IST
മാനന്തവാടി: വിദ്യാർഥികൾ പഠനത്തിനൊപ്പം ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ജിവിഎച്ച്എസ്എസിൽ ഉജ്വലം സമഗ്ര ഗുണമേൻമ വിദ്യാദ്യാസ പദ്ധതിക്കു കീഴിൽ എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിർമിച്ച മൾട്ടി പർപസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് ലഹരിക്കെതിരായ അവബോധം അധ്യാപകരും രക്ഷിതാക്കളും നൽകണമെന്നു മന്ത്രി പറഞ്ഞു. നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പ്രസംഗിച്ചു.
കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകരുതെന്നു അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽഎസ്എസ്, എൻഎംഎംഎസ്, യുഎസ്എസ് ജേതാക്കളെയും ആദരിച്ചു.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ജനപ്രതിനിധികളായ സിന്ധു സെബാസ്റ്റ്യൻ, ജസ്റ്റിൻ ബേബി, ഗിരിജ കൃഷ്ണൻ, പി.വി. ബാലകൃഷ്ണൻ, എൽസി ജോയി, സുധി രാധാകൃഷ്ണൻ, അഹമ്മദുകുട്ടി ബ്രാൻ, ജിവിഎച്എസ്എസ് പ്രിൻസിപ്പൽ പി.സി. തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.