ജനശ്രദ്ധയാകർഷിച്ച് അങ്ങാടിമരുന്ന് പ്രദർശനം
1535690
Sunday, March 23, 2025 6:11 AM IST
കൽപ്പറ്റ: വള്ളിയൂർക്കാവ് ഉത്സവനഗരിയിൽ ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ സംയുക്തമായി ആരോഗ്യത്തിന്റെ ഇന്ദ്രധനുസ് എന്ന പേരിൽ നടത്തുന്ന പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. സ്റ്റാളിൽ പ്രദർശനത്തിനുവച്ച ഒൗഷധസസ്യങ്ങളും അങ്ങാടിമരുന്നുകളും കാണാനും പരിചയപ്പെടുന്നതിനും ദിവസവവും ധാരാളം ആളുകളാണ് എത്തുന്നത്.
സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകളും ജനശ്രദ്ധ നേടുന്നുണ്ട്. ദിനചര്യ, ഋതുചര്യ, ആഹാരശീലങ്ങൾ, ജീവിതശൈലി രോഗം, കരൾ രോഗം, പകർച്ച വ്യാധികൾ എന്നിവയുമായി ബന്ധപ്പെട്ട് ബോധവത്കരമത്തിന് ഉതകുന്നതാണ് പോസ്റ്ററുകൾ.
69 ഇനം അങ്ങാടിമരുന്നുകളും 30ൽപരം ഇനം ഒൗഷധസസ്യങ്ങളും സ്റ്റാളിൽ പ്രദർശത്തിനു വച്ചിട്ടുണ്ടെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ. പ്രീത പറഞ്ഞു. ചുക്ക്, കുരുമുളക്, തിപ്പലി, ജാതിപത്രി, ഇലവർങ്ങം, നാഗപ്പൂ, പച്ചില, കൊടുവേലി, വയന്പ്, രാമച്ചം, തെറ്റാന്പൽ, വാൽമുളക്, ഞെരിഞ്ഞിൽ, പൊൻകുരണ്ടി, ജീരകം,
ഇരട്ടിമധുരം, അയമോദകം, ഇടംപിരി വലംപിരി, രുദ്രാക്ഷം, മായാക്ക്, ഉലുവ, കരിംജീരകം, മരമഞ്ഞൾ, ചെറൂള, കിരിയാത്ത്, ഞാവൽതൊലി, കടുക്ക, നെല്ലിക്ക, താന്നിക്ക, കച്ചോലം, താതിരിപ്പൂ, നിലപ്പന, മഞ്ഞൾ, നന്നാറി, മഞ്ചട്ടി, തഴുതാമവേര്, തിപ്പലിവേര്, പതിമുഖം, മുത്തങ്ങ, ചാമയരി, വിഴാലരി, കടുകപാലയരി, ചെറുപുന്നയരി, കാർക്കോകിലരി, ശതകുപ്പ, ഇരുവേലി, വേങ്ങക്കാതൽ, വേപ്പിൻപട്ട, നാൽപ്പാമരം, കോലരക്ക്, വയൽച്ചുള്ളി, മുത്താറി, മണിച്ചോളം, ഗന്ധകം, കമിഴ്, ത്രികോൽപ്പാക്കൊന്ന, കൊട്ടം, പെരുംകുറുന്പ, ദേവതാരം, കരിംകുറിഞ്ഞി, ആശാളി, ഉഴുന്ന് എന്നിവയാണ് സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന അങ്ങാടി മരുന്നുകൾ.
ഓരോ അങ്ങാടിമരുന്നിന്റെയും ബൊട്ടാണിക്കൽ നാമം, സംസ്കൃത നാമം, മരുന്നായി ഉപയോഗിക്കുന്ന ഭാഗം, ഏതെല്ലാം രോഗചികിത്സയ്ക്കു പ്രയോജനപ്പെടുത്തുന്നു എന്നീ വിവരം സ്റ്റാളിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി. അരുണ്കുമാർ പറഞ്ഞു.