ചൂട് കടുത്തു : കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു
1515546
Wednesday, February 19, 2025 4:58 AM IST
പുൽപ്പള്ളി: കബനിനദി ജലസന്പന്നമായി ഒഴുകുന്പോഴും ജലസേചന സൗകര്യമില്ലാത്തതിനാൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. വേനൽ ശക്തമായതോടെ കേരള, കർണാടക അതിർത്തിയോട് ചേർന്ന് ചാമപ്പാറ, ചണ്ണോത്തുകൊല്ലി, പാറക്കവല, കൊളവള്ളി, സീതാമൗണ്ട് പ്രദേശങ്ങളിലെ കർഷകരുടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു.
കർണാടകയിൽനിന്നുള്ള ചൂടുകാറ്റ് വർധിച്ചതോടെ കർഷകരുടെ കുരുമുളക്, കാപ്പി, കമുക്, ഏലം, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്ഥമായി വേനൽ ശക്തമായതോടെ പ്രദേശത്തെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കൃഷിയാവശ്യങ്ങൾക്ക് ജലസേചന സൗകര്യങ്ങൾ നടത്തിയിരുന്ന കുളങ്ങൾ ഉൾപ്പെടെ വറ്റിവരണ്ടതാണ് കാർഷിക വിളകൾ വ്യാപകമായി കരിഞ്ഞുണങ്ങാൻ കാരണം.
ദ്രുതവാട്ടവും കൃഷിനാശവും കാരണം കുരുമുളക് കൃഷി പൂർണമായി നശിച്ചതിനെ തുടർന്ന് വർഷങ്ങൾക്കുശേഷം പുനർകൃഷി ചെയ്ത് മൂന്നും നാലും വർഷത്തിനുശേഷം വിളവെടുപ്പിന് പാകമായ കുരുമുളക് ചെടികളാണ് വ്യാപകമായി കരിഞ്ഞുണങ്ങിയത്. വേനൽമഴ ഉടൻ ലഭിച്ചില്ലെങ്കിൽ മേഖലയിലെ കൃഷികൾ പൂർണമായി കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ കാർഷിക വിളകൾ പരിപാലിച്ചുവരുന്നത്. എന്നാൽ, ഫെബ്രുവരി ആദ്യവാരത്തിൽതന്നെ കനത്ത ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങിയതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണ്. പ്രദേശത്തെ കിണറുകളും കുഴൽക്കിണറുകളുമടക്കം വറ്റിവരണ്ടതോടെ കുടിവെള്ളംപോലും മറ്റിടങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്.