പാതിവില തട്ടിപ്പിനിരയായവർക്ക് സർവീസ് ചാർജ് നൽകുന്നത് തടഞ്ഞു
1515383
Tuesday, February 18, 2025 4:16 AM IST
സുൽത്താൻ ബത്തേരി: പാതിവില തട്ടിപ്പിനിരായവർക്ക് സർവീസ് ചാർജ് തിരികെ നൽകാനുള്ള അക്ഷയ കേന്ദ്രത്തിന്റെ നടപടി ബത്തേരി പോലീസ് തടഞ്ഞു. പണം നൽകിയാൽ കേസിനെ ബാധിക്കും എന്നതിനാൽ അക്ഷയകേന്ദ്രം ജീവനക്കാരുടെ നടപടി തടഞ്ഞ പോലീസ് കേന്ദ്രം താഴിട്ട് പൂട്ടുകയും ചെയ്തു.
ഇരയായവരിൽ നിന്ന് സർവീസ് ചാർജായി അക്ഷയകേന്ദ്രം കൈപ്പറ്റിയ 5900 രൂപയാണ് തിരികെ നൽകിയത്. ഈ തുക തിരികെ നൽകുന്നുണ്ടെന്ന് വാട്സ് ആപ്പ് വഴി അറിഞ്ഞ് നിരവധി പേരാണ് മാനിക്കുനിയിലെ അക്ഷയ കേന്ദ്രത്തിൽ ഇന്നലെ എത്തിയത്.
സർവീസ് ചാർജ് നൽകുന്പോൾ സീഡ് സൊസൈറ്റിയുടെ പേരിൽ റസീപ്റ്റ് ഇരകൾക്ക് നൽകിയിരുന്നു. ഈ റെസീപ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ സർവീസ് ചാർജ് തിരികെ കിട്ടിയെന്നു എഴുതി ഒപ്പിട്ട് നൽകിയാണ് തുക നൽകിയിരുന്നത്. ഇതിൽ സ്കൂട്ടറിനും ഗൃഹോപകരണങ്ങൾ, ലാപ് ടോപ്, മൊബൈൽ, തയ്യൽമെഷീൻ എന്നിവയ്ക്കായി അടച്ച തുക തിരികെ ലഭിച്ചിട്ടില്ലെന്നും എഴുതിയാണ് ഒപ്പിട്ട് നൽകിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി എസ്ഐ സോബിന്റെ നേതൃത്വത്തിൽ സർവീസ് ചാർജ് മടക്കി നൽകുന്നത് തടയുകയായിരുന്നു.
ഇരകൾ എഴുതി ഒപ്പിട്ടു നൽകിയ ഇരുപതോളം റസീപ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം റവന്യു സ്റ്റാന്പ് ഒട്ടിച്ച സമ്മതപത്രത്തിൽ ഒപ്പിട്ടശേഷമായിരുന്നു തുക നൽകിയിരുന്നത്. ഇതിൽ ഒപ്പിട്ട് പതിനേഴ് പേർ സർവീസ് ചാർജായി നൽകിയ തുക കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ സമ്മതപത്രങ്ങളടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായും അക്ഷയകേന്ദ്രത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകിയതായും തട്ടിപ്പിനിരയായവരെ പോലീസ് അറിയിച്ചു.