ജ്വാല നടത്തിപ്പുകാരെയും ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തി
1515381
Tuesday, February 18, 2025 4:16 AM IST
കൽപ്പറ്റ: പകുതി വിലയ്ക്ക് സ്കൂട്ടർ ലാപ്ടോപ്പ് ഗൃഹോപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ എന്നിവ നൽകാമെന്ന് പറഞ്ഞ് ജനങ്ങളിൽ നിന്നും 7500 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള പണം വാങ്ങി കബളിപ്പിച്ച ജ്വാല നടത്തിപ്പുകാരെയും ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്ന് ജ്വാല ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല എന്ന സംഘടനയ്ക്കെതിരെയും അതിന്റെ ഡയറക്ടർമാർക്കെതിരെയും സിവിൽ സ്റ്റേഷനിലെ അക്ഷയ സെന്റർ നടത്തിപ്പുകാരനെതിരെയും നടപടി സ്വീകരിക്കണമെന്നും പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ പോലീസ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജില്ലയിൽ പകുതി വിലയ്ക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയായ കബളിപ്പിക്കപ്പെട്ട ആളുകളുടെ കൂട്ടായ്മയാണ് മാർച്ച് നടത്തിയത്. ആയിരത്തിൽ അധികം ആളുകളിൽ നിന്നായി ഏതാണ്ട് എട്ടുകോടി രൂപയോളം പിരിച്ചെടുത്തു.
ഈ തുക തിരിച്ചു കിട്ടുന്നതിനായി നിയമപരമായ പോരാട്ടത്തിനും സമരങ്ങൾക്കും മുന്നോടിയായിട്ടുള്ള ഒരു സൂചന സമരം മാത്രമാണിതെന്ന സമരക്കാർ അറിയിച്ചു. ധർണ്ണ സമരം ആർജെഡി കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റും കൂട്ടായ്മയുടെ ചെയർമാനുമായ കെ.ബി. രാജു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ പി.പി. ഷൈജൽ, പ്രിൻസ് തോമസ്, നാസർ പാനൂർ, ജോയ്സി ജോണ് എന്നിവർ പ്രസംഗിച്ചു. അനീറ്റ ബിജു, ഷമീർ, തമിഴ് ഷെൽവി, ജവാദ്, റാഫി, ഹർഷിന, ഷബീർ, നിത്യ, ജസീല റിഷാദ് തുടങ്ങിയ നേതൃത്വം നൽകി.