അർഹമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സണ് ജിനു സക്കറിയ ഉമ്മൻ
1509549
Thursday, January 30, 2025 5:37 AM IST
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാർക്കും അർഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷൻ കടകളിലൂടെയും അങ്കണവാടികളിലൂടെയും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ സിവിൽ സപ്ലൈസ്, പട്ടിക വർഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകൾക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണ് ജിനു സക്കറിയ ഉമ്മൻ നിർദേശം നൽകി. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനായാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണ് അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ജില്ലയിൽ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ ഗോത്രവർഗ മേഖലകളിൽ സന്ദർശനം നടത്തിയത്.
വട്ടക്കുണ്ട്, ആനപ്പാറ നായ്ക്കക്കൊല്ലി ഗോത്രവർഗ മേഖലയിൽ നടത്തിയ സന്ദർശനത്തിൽ പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നതെന്നും ചെയർപേഴ്സണ് പറഞ്ഞു. ഗോത്രവിഭാഗ ജനങ്ങൾക്ക് ദൂരെയുള്ള റേഷൻ കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ആനപ്പാറ നായ്ക്കകൊല്ലി ഉന്നതിയിൽ മൂന്ന് വയസായ കുട്ടിക്ക് അങ്കണവാടിയിൽ നിന്ന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന പരാതിയിൽ കുട്ടിക്ക് ഇന്ന് മുതൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് ഐസിഡിഎസ് സൂപ്പർ വൈസറേയും ട്രൈബൽ പ്രൊമോട്ടറേയും ചുമതലപ്പെടുത്തി. ഗോതന്പ് ലഭിക്കുന്നില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
അങ്കണവാടികളിൽ കാലാവധി തീരാറായ ഭക്ഷ്യവസ്തുക്കൾ വില രേഖപ്പെടുത്തി എത്തുന്നു എന്ന പരാതി പരിശോധിക്കും. ഇതുമൂലം വലിയ ഒരളവിൽ ഭക്ഷ്യ വസ്തുക്കൾ പാഴാകുന്നുണ്ട്.
വട്ടക്കുണ്ട് ഉന്നതിയിലെ താമസക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വൈത്തിരി പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകി.
പൊതുശ്മശാനത്തിനുള്ള സ്ഥലം വേലികെട്ടി വേർതിരിക്കണം, വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കണം, തെരുവ് വിളക്കുകൾ സ്ഥാപിക്കണം, വട്ടക്കുണ്ട് അയനിമുട്ടം റോഡ് പൂർത്തിയാക്കണം, പയറും മറ്റു ധാന്യങ്ങളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കണ്ണൂരിൽ ടിടിസിക്ക് പഠിക്കുന്ന കുട്ടിക്കുള്ള സഹായം വ്യക്തിപരമായി ഉറപ്പാക്കുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.
ആനപ്പാറ നായ്ക്കകൊല്ലി ഉന്നതിയിലെ താമസക്കാരുടെ ഗോതന്പ് ലഭിക്കുന്നില്ലെന്ന പരാതിയിൽ റേഷൻ കടകളിൽ പരിശോധനനടത്തി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗം ബീന സുരേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എൻ.ഒ. ദേവസ്യ, കെ.കെ. തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ജയദേവ്, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി. ഹരിലാൽ, വൈത്തിരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. ശ്രീജിത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.