ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
1509002
Tuesday, January 28, 2025 7:52 AM IST
കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരേ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി ജില്ലാ കമ്മിറ്റി.
തോട്ടം തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വന്യമൃഗങ്ങളെ പേടിച്ച് തൊഴിൽ ചെയ്യാനാവാത്ത സാഹചര്യമാണ്. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലാണ്. ക്ഷീര കർഷകരുടെ ഉപജീവനമാർഗമായ കന്നുകാലികളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നു. വളരെ ലാഘവ ബുദ്ധിയോടു കൂടിയാണ് മുഖ്യമന്ത്രിയും സർക്കാരും സാധാരണക്കാരും തൊഴിലാളികളുമായ ജനവിഭാഗങ്ങളെ ബാധിക്കുന്ന വന്യമൃഗ ശല്യവിഷയത്തെ സമീപിക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള നയപരിപാടികളും പദ്ധതിയും ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും തീരുമാനിച്ചു.
ജില്ലയിലെ മുഴുവൻ വാർഡുകളിലും അഞ്ചു പേർ അടങ്ങുന്ന കർമസേന രൂപീകരിക്കാനും ജില്ലാ ജനറൽബോഡി യോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, വി. ഉഷാകുമാരി, പി.എൻ. ശിവൻ, കെ.കെ. രാജേന്ദ്രൻ, ഷിനോജ് കാട്ടിക്കുളം, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, അരുണ്‍ ദേവ്, താരിഖ് കടവൻ, ജിനി തോമസ്, കെ.യു. മാനു, എൻ.കെ. ജ്യോതിഷ് കുമാർ, രാധ രാമസ്വാമി, ഹർഷൽ കോനാടൻ, എസ്. മണി, മണി പാന്പനാൽ, നിസാം പനമരം, സലാം മീനങ്ങാടി, പ്രസംഗിച്ചു.