ഭരണഘടനാ അവകാശം പൂർണമാകാൻ നിയമപരിഷ്കരണം നടത്തണം: മന്ത്രി
1509007
Tuesday, January 28, 2025 7:52 AM IST
കൽപ്പറ്റ: ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം പൂർണമാകാൻ കാലപ്പഴക്കം വന്ന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് വനംവന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെടുന്നതിൽ ശ്വാശത പരിഹാരം കണ്ടെത്താൻ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യ മാറിയതിന്റെ അഭിമാനകരമായ ഓർമപ്പെടുത്തലാണ് റിപ്പബ്ലിക്ദിന വാർഷികത്തിലൂടെ ആഘോഷിക്കുന്നത്. ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സഹന സമരത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും മന്ത്രി ഓർമിപ്പിച്ചു.
ജില്ല നേരിട്ട ഉരുൾ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവം വളരെ വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. കൽപ്പറ്റ എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പനമരം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എ. അഷറഫ് പരേഡ് കമാൻഡറും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ എം.സി. സോമൻ സെക്കൻഡ് കമാൻഡറുമായി നേതൃത്വം നൽകി.
26 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. പരേഡിൽ സേനാ വിഭാഗത്തിൽ വനം വകുപ്പ് ഒന്നാം സ്ഥാനവും എൻസിസി വിഭാഗത്തിൽ നിർമല എച്ച്എസ് തരിയോട് ഒന്നാം സ്ഥാനവും സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കണിയാന്പറ്റ ജിഎംആർഎസിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു.
തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഗോത്രനൃത്തം, സുൽത്താൻ ബത്തേരി അസംഷൻ സ്കൂളിലെ വിദ്യാർഥികളുടെ ദേശഭക്തിഗാനം, കണിയാന്പറ്റ ചിൽഡ്രൻസ് ഹോം വിദ്യാർഥികളുടെ യോഗ ഡാൻസ്, തിരുനെല്ലി ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ, തോണിച്ചാൻ എമ്മാവൂസ് സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളം, അങ്കണവാടി കുരുന്നുകളുടെ ഡാൻസ് എന്നിവയും അരങ്ങേറി. പരിപാടിയിൽ ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്ക്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, എഡിഎം കെ. ദേവകി, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.