വയനാട് ഡിസിസി ഓഫീസിന്റെ പുറം ചുമരിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ പോസ്റ്ററുകൾ
1509505
Thursday, January 30, 2025 4:56 AM IST
കൽപ്പറ്റ: ഡിസിസി ഓഫീസിന്റെ പുറംചുമരിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ പോസ്റ്ററുകൾ. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. ഇന്നലെ രാവിലെയാണ് ഇത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർക്കെതിരായ പരാമർശങ്ങളാണ് പോസ്റ്ററുകളിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി ചൊവ്വാഴ്ച ജില്ലയിലെത്തി മടങ്ങിയതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഡിഡിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവർ വിഷം അകത്തുചെന്ന് മരിച്ചത് ജില്ലയിൽ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവർ പ്രതികളാണ്.
ദിവസങ്ങൾ മുന്‍പ് ചേർന്ന ഡിസിസി യോഗത്തിൽ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായിരുന്നു. ഡിഡിസി പ്രസിഡന്റിനെ പുറത്താക്കണമെന്നതടക്കം ആവശ്യങ്ങളാണ് പോസ്റ്ററുകളിൽ. പോസ്റ്ററുകളിൽ ഒന്നിൽപോലും ഐ.സി. ബാലകൃഷ്ണന്റെ പേര് പരാമർശിക്കുന്നില്ല.