ജനകീയ കൗൺസിലിംഗ് മാതൃകാപരം: ഡോ.സുഭാഷിണി ഗോപാൽ
1508997
Tuesday, January 28, 2025 7:52 AM IST
മാനന്തവാടി: പ്രളയ, ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മാനസിക പിൻതുണ നൽകുന്നതിനായി രൂപീകരിച്ച ജനകീയ കൗണ്‍സലിംഗ് പരിപാടി മാതൃകാ പരമാണെന്നും ജനകീയ കൗണ്‍സലിംഗ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകിവരുന്ന സ്കാർഫ് ചെന്നൈ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുഭാഷിണി ഗോപാൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആയിരങ്ങൾക്ക് ആശ്വാസമാകുവാനും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുവാനും ഈ പദ്ധതിയിലൂടെ സാധിച്ചുവെന്നും ഈ പദ്ധതി ഇനിയും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അവർ പറഞ്ഞു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിൽ പ്രളയ, ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി രൂപീകരിച്ച ജനകീയ കണ്‍സലിംഗ് ടീമിന്റെ നാലാംഘട്ട പരിശീലനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കണ്‍സൾട്ടന്റ് പി.കെ. കുര്യൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു. സ്കാർഫ് ചെന്നൈ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കോ ഓർഡിനേറ്റർ ജെയ്നി ജോസഫ്, പ്രോജക്ട് കോഓർഡിനേറ്റർ മുഹമ്മദ് മുഹ്സിൻ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തിൽ 50 ജനകീയ കൗണ്‍സലർമാർ പങ്കെടുത്തു. പരിപാടിക്ക് ഫീൽഡ് സൂപ്പർവൈസർമാരായ ആലീസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി, ലിജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.