മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രനെ കോണ്‍ഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
1509255
Wednesday, January 29, 2025 5:59 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രനെ കെപിസിസി നിർദേശപ്രകാരം ആറു വർഷത്തേക്ക് കോണ്‍ഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. പാർട്ടി നിർദേശത്തിനു വിരുദ്ധമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
യുഡിഎഫ് ധാരണപ്രകാരം പഞ്ചായത്ത് ഭരണത്തിന്റെ ആദ്യ രണ്ടരവർഷം മുസ്ലിംലീഗിനും രണ്ടാം പകുതിയിൽ കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് പദം. കോണ്‍ഗ്രസിനു ലഭിക്കുന്ന രണ്ടര വർഷത്തിൽ ഒന്നര വർഷം വി.എൻ. ശശീന്ദ്രനും ബാക്കി ആർ. ഉണ്ണികൃഷ്ണനും പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു ഡിസിസി തീരുമാനം.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും ശശീന്ദ്രൻ പദവി ഒഴിഞ്ഞില്ല. തുടർന്ന് ഡിസിസി, കെപിസിസി നേതൃത്വം നൽകിയ കത്തുകൾ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സസ്പെൻഷൻ.