കാടിറങ്ങുന്ന കടുവകളുടെ വർധനവ് പരിശോധിക്കണം
1509001
Tuesday, January 28, 2025 7:52 AM IST
കാട്ടിക്കുളം: കാടിറങ്ങുന്ന കടുവകളുടെ എണ്ണം കൂടുന്നത ് പരിശോധിക്കണമെന്ന് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി. കഴിഞ്ഞ പത്തുവർഷത്തിനിപ്പുറം എട്ട് മനുഷ്യജീവൻ കടുവകൾ അപഹരിച്ചു. ഈ കാലയളവിൽ കൂട്ടിൽ പിടിച്ച എട്ട് കടുവകൾ മുത്തങ്ങയിൽ സംരക്ഷിക്കുന്നുണ്ട്.
നാല് കടുവകളെ മാത്രം പാർപ്പിക്കാവുന്ന സ്ഥലത്താണ് എട്ട് എണ്ണം. വയനാടൻ വനമേഖലയ്ക്ക് ഉൾക്കൊള്ളാവുന്നതിൽ അധികം കടുവകൾ വർധിച്ചതായി സംശയിക്കണം. കടുവകൾ തുടർച്ചയായി വനത്തിന് പുറത്തിറങ്ങുന്നത് വംശവർധനയിൽ ടെറിട്ടറി ചുരുങ്ങി വരുന്നതാണ് എന്ന് സംശയിക്കണം. വയനാട്ടിലെ വനമേഘലയും കൃഷിഭൂമിയും തൊട്ടുരുമ്മി കിടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കൃത്യമായ സെൻസസ് നടത്തി പഠനവിധേയമാക്കണം.
കടുവകൾ പുറത്തിറങ്ങി എന്നറിഞ്ഞാൽ ഉടൻതന്നെ പരിശോധന നടത്തി പിടികൂടി മനുഷ്യന്റെ ജീവനും സ്വത്തിനു സംരക്ഷണം നൽകണം. അതിനായി മയക്കുവെടി വയ്ക്കാനുള്ള വിദ്ഗധരെ കൂടുതലായി പരിശീലിപ്പിച്ച് നിയമിക്കണം. എണ്ണം കൂടുതലാണെങ്കിൽ കടുവകൾ ഇല്ലാത്ത് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം. ഈ കാര്യങ്ങൾ വനം മന്ത്രിക്കും ചീഫ് വൈൽഡ്ലൈവ് വാർഡനും നിവേധനമായി കൊടുക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ തോൽപെട്ടി, വി.ആർ. ജയചന്ദ്രൻ, ടി. സന്തോഷ്കുമാർ. നാസർ ബാവലി എന്നിവർ പ്രസംഗിച്ചു.